* നിയമ, ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

ധന, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കാലോചിതമായി കാര്യങ്ങൾ അറിയാനും പ്രയോഗിക്കാനുമുള്ള ശേഷി ആർജിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റിലെ നിയമ, ധനകാര്യ വകുപ്പുകളിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ സ്‌പെഷ്യൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ധനകാര്യ വകുപ്പും നിയമവകുപ്പും ഭരണവകുപ്പുകൾക്ക് ഉപദേശം നൽകുന്ന വകുപ്പുകളാണ്. അതുകൊണ്ടുതന്നെ ആധുനിക ധനകാര്യ മാനേജ്‌മെൻറ് സംബന്ധിച്ചും നിയമനിർമാണം സംബന്ധിച്ചും പരിശീലനം അനിവാര്യമാണ്.

സർക്കാർ പ്രവർത്തനത്തിന്റെ ഹൃദയമാണ് ധനകാര്യവകുപ്പ്. വികസന, ക്ഷേമപ്രവർത്തനങ്ങളുൾപ്പെടെ സർക്കാർ പ്രവർത്തനങ്ങളുടെ ആക്കവും തൂക്കവും നിർണയിക്കുന്ന വകുപ്പാണിത്. ഈ രംഗത്ത് ഏതെങ്കിലും തലത്തിൽ അലംഭാവം കാണിച്ചാൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും നാടിന്റെ പുരോഗതിക്കും തടസ്സമാകുമെന്ന് തിരിച്ചറിയാനാകണം.

സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് സാധാരണക്കാരുടേയും ജീവനക്കാരുടെയും പല ആവശ്യങ്ങളും തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാകരുത്. യാന്ത്രികമാകരുത്, മാനുഷിക പരിഗണനയോടെയാകണം തീരുമാനങ്ങൾ. ചെലവ് വെട്ടിച്ചുരുക്കൽ മാത്രമല്ല, സംസ്ഥാനത്തെ വരുമാനസാധ്യതകൾ പ്രയോജനപ്പെടുത്തി തനത് നികുതിവരുമാനം വർധിപ്പിക്കാൻ ശ്രമം വേണം.

സംശയങ്ങൾ ഏതുവകുപ്പിൽനിന്ന് ഉയർന്നുവന്നാലും മനസിലാക്കി ഉപദേശം നൽകേണ്ടത് നിയമവകുപ്പാണ്. ഇന്റേണൽ അക്കാദമിക് ട്രെയിനിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി സംസ്ഥാനത്തിനാവശ്യമായ നിയമങ്ങൾ കാലോചിതമാക്കാൻ നിയമവകുപ്പ് മുൻകൈയെടുക്കണം.

നിയമനിർമാണം, നിയമോപദേശം, സംസ്ഥാനം ഉൾപ്പെടുന്ന കരാറുകളുടെ നിയമസാധുത തുടങ്ങിയവ പരിശോധിക്കേണ്ടത് നിയമവകുപ്പിന്റെ ചുമതലയാണ്. ഒരു തപാൽ അഞ്ചു ദിവസത്തിനകം മേലുദ്യോഗസ്ഥന് സമർപ്പിക്കപ്പെടണം എന്ന വ്യവസ്ഥ പാലിക്കപ്പെടണം.

അറിവിന്റെ പുതിയ ശാഖകളായ പരിസ്ഥിതി സംരക്ഷണം, ആധുനിക സാങ്കേതിക വിദ്യകൾ, ആധുനിക ധനകാര്യ മാനേജ്‌മെൻറ് തുടങ്ങിയവയിൽ പ്രാവീണ്യം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.
ഒരു ഫയൽ ഉപദേശത്തിനോ അഭിപ്രായത്തിനോ ലഭിച്ചാൽ ആ വകുപ്പിൽ പരമാവധി സൂക്ഷിക്കാവുന്ന സമയത്തിന് പരിധി നിശ്ചയിക്കണം. അങ്ങനെ വന്നാൽ പ്രവർത്തനം സുഗമമാകും.

ധനകാര്യമേഖലയെ ഫലപ്രദമായി ചലിപ്പിച്ചുമാത്രമേ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകൂ. സർക്കാരിന്റെ പൊതുതാത്പര്യവും സാമ്പത്തികസ്ഥിതിയും മനസിലാക്കി ചലനാത്മകമായി ഇടപെടാൻ കഴിയണം.  ഈ ഗൗരവം ഉൾക്കൊണ്ട് നാടിന്റെ വികസനത്തിൽ ക്രിയാത്മകമായി ഇടപെടാനാകണം. ജനജീവിതം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നവരായി ജീവനക്കാർ മാറണം.

ഫയലുകളുമായി ബന്ധപ്പെട്ട് വകുപ്പിലെ ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതും തുറന്ന ചർച്ചകളും അതിവേഗം തീരുമാനമെടുക്കാൻ സഹായിക്കും. ഫോൺ, ഇ-മെയിൽ മുഖേന വിവരം തേടി പ്രശ്‌നങ്ങൾ എളുപ്പം പരിഹരിക്കുന്ന നിലയിൽ ചിന്ത വികസിക്കണം. ഫയലുകൾ പ്രാധാന്യം അനുസരിച്ച് തീർപ്പാക്കിപോകണം.

എവിടെയാണ് മുൻഗണന നൽകേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ വേണം.
ജോലിയിൽ ഏറ്റക്കുറച്ചിൽ പരിഹരിക്കുന്ന രീതിയിൽ ക്രമീകരിക്കാൻ വർക്ക് സ്റ്റഡി നടത്തുന്നുണ്ട്. ഇതിന് ജീവനക്കാരുടെ സഹകരണം വേണം.

വിവിധ പദ്ധതികൾ മുന്നിലെത്തുമ്പോൾ അവ സമയബന്ധിതമായി പൂർത്തീകരിക്കാൻ വലിയ ശ്രദ്ധ നൽകണം. ദ്രുതഗതിയിൽ കാര്യങ്ങൾ നടന്നാൽ വലിയ തോതിൽ നിക്ഷേപ സാധ്യത ഉണ്ടാകും.
ഒപ്പമുള്ള ജീവനക്കാരെ കൂടി കാര്യക്ഷമമാക്കാനുള്ള ഇടപെടൽ വേണം. അത്തരം ഇടപെടലിന് തടസ്സമായി നിൽക്കുന്നതിനെ വകവെച്ചുകൊടുക്കരുത്.

ഇത്തരത്തിൽ ഇടപെടാത്തതാണ് ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയാക്കുന്നത്. നിങ്ങളിൽ നിക്ഷിപ്തമായ അധികാരവും ഉത്തരവാദിത്തവും നിറവേറ്റി നിയന്ത്രിക്കുന്ന മേഖലയെ നയിക്കാനുള്ള ആർജവവും കരുത്തുമാണ് പ്രകടിപ്പിക്കേണ്ടത്. അത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും.

ഡെപ്യൂട്ടേഷൻ രണ്ടാംകിട ഏർപ്പാടാണെന്ന ധാരണ തിരുത്തണം. മർമപ്രധാന സ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള സന്നദ്ധത എല്ലാവർക്കുമുണ്ടാകണം. ജോലിചെയ്യാതെ മാറിനിൽക്കുന്നവരുണ്ടെങ്കിൽ അത്തരക്കാരെ മനസിലാക്കാനും ആവശ്യമായ ഇടപെടൽ നടത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഫയലുകൾ തീർപ്പാക്കാൻ നടത്തുന്ന പ്രവർത്തനത്തിന് നല്ല ജനകീയ പിന്തുണ ലഭിക്കുന്നുണ്ട്.

ഇ-ഓഫീസ് സംവിധാനം അടക്കമുള്ള സംവിധാനങ്ങൾ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പ്രയോജനപ്പെടുത്തണം. ഓരോ വകുപ്പിന്റെയും വെബ്‌സൈറ്റിൽ അതത് വകുപ്പിൽ എത്ര ഫയലുകൾ ബാക്കിയുണ്ടെന്ന് അപ്‌ഡേറ്റ് ചെയ്യാനുള്ള സാധ്യത പരിശോധിക്കണം.

ജനങ്ങൾ വിവരങ്ങളറിയാൻ സന്ദർശിക്കുമ്പോൾ അവരെ ഫയലിന്റെ സ്ഥിതി എന്തെന്ന് ബോധ്യപ്പെടുത്താനാകണം. ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യാൻ ബോധപൂർവമായ ശ്രമം വേണം. നമ്മുടെ സംവിധാനങ്ങളെ കാര്യക്ഷമവും കാലാനുസൃതവുമാക്കാൻ സഹകരണം വേണമെന്നും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ നിയമമന്ത്രി എ.കെ. ബാലൻ, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ധനകാര്യ അഡീ. ചീഫ് സെക്രട്ടറി മനോജ് ജോഷി, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവരും സംബന്ധിച്ചു.