തിരികെയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി നോർക്ക റൂട്ടസ്  മുഖേന നടപ്പിലാക്കുന്ന കേരള സർക്കാരിന്റെ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അപേക്ഷകൾ വേഗം തീർപ്പ് കൽപ്പിക്കുന്നതിന് നോർക്ക റൂട്ട്സിന്റെ ആസ്ഥാന കാര്യാലയത്തിൽ  പ്രത്യേക ക്യാമ്പ് നടത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഓഫീസുകളിൽ ലഭിച്ച അപേക്ഷകളാണ് ഏകജാലക സംവിധാനത്തിലൂടെ  പരിശോധിച്ചത്.

160 അപേക്ഷകരെ തെളിവെടുപ്പിന് ക്ഷണിച്ചിരുന്നതിൽ 153 പേർ ഹാജരായി.  പ്രത്യേക കൂടിക്കാഴ്ചയിൽ മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യർ എന്ന് കണ്ടെത്തിയ 111 അപേക്ഷകൾ സർക്കാരിലേക്ക് ധനസഹായം നൽകുന്നതിന് ശുപാർശ ചെയ്യും.

20 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രത്യേക ക്യാമ്പിൽ ആസ്ഥാന കാര്യാലയത്തിലെ ഹോം ആതന്റിക്കേഷൻ ഓഫീസർ വി. എസ്. ഗീതാ കുമാരിയും, തിരുവനന്തപുരം സെന്റർ മാനേജർ എ. ബി. അനീഷും നേത്യത്വം നൽകി.  നോർക്ക റൂട്ട്സിന്റെ മറ്റ് മേഖലാ ഓഫീസുകൾ  കേന്ദ്രീകരിച്ചും ഇത്തരം തെളിവെടുപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും.

സാന്ത്വന പദ്ധതി പ്രകാരം ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനുള്ള സഹായം എന്നിവയാണ് നൽകുന്നത്.

മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃത അവകാശിക്ക് മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപയും പ്രവാസിയുടെ അല്ലെങ്കിൽ പ്രവാസിയുടെ ആശ്രിതർക്കു ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സക്കായി പരമാവധി അമ്പതിനായിരം രൂപയും മറ്റു രോഗങ്ങൾക്ക് ഇരുപതിനായിരം രൂപയും പെൺമക്കളുടെ വിവാഹ ധനസഹായമായി ഒരാൾക്ക് പരമാവധി പതിനയ്യായിരം രൂപയും അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനായി പതിനായിരം രൂപ വരെയും നൽകുന്നു.

നോർക്ക റൂട്ട്സിന്റെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലും തിരുവനന്തപുരം,  എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളിലും വിവിധ കളക്ട്രേറ്റുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ല സെല്ലുകൾ മുഖാന്തിരമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കുന്നത്. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.org ലും ഓഫീസുകളിലും അപേക്ഷാ ഫാറം ലഭിക്കും.