സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ അദ്ധ്യാപക രക്ഷാകർത്തൃ സമിതികൾ നിർബന്ധമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാർ മാർഗനിർദേശങ്ങൾ പ്രകാരം രൂപീകരിക്കപ്പെടുന്ന പി.ടി.എ.കൾക്ക് കോളേജിലെ ഭരണപരവും അക്കാദമികവുമായ പ്രവർത്തനങ്ങൾ, അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, അച്ചടക്കം ഇവ മെച്ചപ്പെടുത്തുന്നതിൽ ക്രിയാത്മകമായി ഇടപെടുന്നതിന് സാധിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന പൊതുഭരണ സമിതികൾ ഉൾപ്പെടുന്ന ദ്വിതല ഭരണ സംവിധാനമാകും പി.ടി.എകൾക്ക് ഉണ്ടാവുക. ഇവയുടെ അധ്യക്ഷൻ പ്രിൻസിപ്പൽ ആയിരിക്കും. ഭരണസമിതിയുടെ സെക്രട്ടറി, ഖജാൻജി സ്ഥാനങ്ങൾ കോളേജിലെ സ്ഥിരാധ്യാപകരും, വൈസ് പ്രസിഡൻറ്, ജോയിൻറ് സെക്രട്ടറി സ്ഥാനങ്ങൾ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ പ്രതിനിധികളും വഹിക്കും.

പി.ടി.എ. ഫണ്ടിനത്തിൽ പരമാവധി ട്യൂഷൻ ഫീസിനു തുല്യമായ തുക മാത്രമേ ഇനിമുതൽ ഈടാക്കാനാകൂ. സ്വകാര്യ എയ്ഡഡ് കോളേജുകളുടെ പ്രവർത്തനങ്ങളിൽ അദ്ധ്യാപക -രക്ഷാകർതൃ പങ്കാളിത്തം ഇതോടെ നിയമപരമായി ഉറപ്പാക്കപ്പെടും.