പുതിയ കാലത്തെ മാറിയ ഭക്ഷണക്രമങ്ങളെ തുടര്‍ന്ന് ജീവിതശൈലീ രോഗങ്ങളുടെ നിത്യവാഹകരായി ദുരിതജീവിതം നയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യപാലനത്തിന്റെ സന്ദേശം പകര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അമൃതം കര്‍ക്കിടകക്കഞ്ഞി മേള ആരംഭിച്ചു.
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അമൃതം മേള ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ഈ മാസം 13 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം. ഔഷധക്കഞ്ഞി, ജീരകക്കഞ്ഞി, പൊടിയരിക്കഞ്ഞി, പാല്‍ക്കഞ്ഞി, നവരക്കഞ്ഞി, ഗോതമ്പ് കഞ്ഞി, നെയ്കഞ്ഞി, ഉലുവകഞ്ഞി എന്നീ ഔഷധമൂല്യമുള്ള എട്ടുതരം കഞ്ഞികളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
ആരോഗ്യസംരക്ഷണം, പ്രതിരോധശക്തി, ദഹനശക്തി എന്നിവയാണ് ഔഷധക്കഞ്ഞിയിലൂടെ ലഭിക്കുന്നത്. പനി, മലബന്ധം, ദഹനശക്തി എന്നിവയ്ക്കുള്ള പരിഹാരമാണ് ജീരകക്കഞ്ഞി. ശരീരക്ഷീണം മാറാനും, പനിക്കും രോഗപ്രതിരോധത്തിനും പൊടിയരിക്കഞ്ഞി സഹായിക്കും.
ശരീരശക്തിക്കും, മലശോധനയ്ക്കും പാല്‍ക്കഞ്ഞിയും, പ്രമേഹ രോഗം നിയന്ത്രിക്കാനും വാതരോഗശമനത്തിനും ഗോതമ്പ് കഞ്ഞിയും പരിഹാരമാണ്. ശരീര വണ്ണം വര്‍ധിക്കാനും ശരീരകാന്തിക്കും ശക്തിക്കും നവരക്കഞ്ഞി നല്ലതാണ്. നെയ്കഞ്ഞി ബുദ്ധിശക്തി, ദഹനശക്തി, ശരീരപുഷ്ടി എന്നിവയ്ക്കും, ഉലുവകഞ്ഞി പ്രമേഹരോഗം നിയന്ത്രിക്കാനും വാതരോഗ ശമനത്തിനും പ്രയോജനപ്പെടുത്താം.
നാല്‍പതു രൂപ മാത്രമാണ് വിലയീടാക്കുന്നത്. മേളയില്‍ പത്തിലക്കറികള്‍, പത്തിലത്തോരന്‍, നെല്ലിക്കാച്ചമ്മന്തി, കര്‍ക്കിടക    മരുന്ന്, വിവിധതരം സൂപ്പുകള്‍, പത്തില സ്റ്റൂ, വിവിധതരം അടകള്‍, പുട്ടുകള്‍ എന്നിവയോടൊപ്പം കുടുംബശ്രീയുടെ വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും. ഇതിനകം തന്നെ നിരവധി പേരാണ് മേള സന്ദര്‍ശിച്ച് കര്‍ക്കിടക്കഞ്ഞികളുടെ രുചിയനുഭവിച്ചത്.
ഉദ്ഘാടനച്ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രകാശന്‍ പാലായി, കുടുംബശ്രീ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.