ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിന് ഇത്തവണ നിയമസഭാ വളപ്പിൽ വിളയിച്ച നെൽക്കതിരുകൾ. നെല്ലിന്റെ വിളവെടുപ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു നെൽക്കതിരുകൾ ഏറ്റുവാങ്ങി.

പൂർണമായി ജൈവകൃഷി സമ്പ്രദായത്തിലാണ് നിയമസഭാ വളപ്പിൽ നെൽകൃഷി ചെയ്യുന്നതെന്ന് സ്പീക്കർ പറഞ്ഞു. കേരള നിയമസഭ ഹരിത പ്രോട്ടോക്കോൾ രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. നിയമനിർമാണ സഭ എന്ന നിലയിൽ മാത്രമല്ല, നമ്മുടെ ജൈവജീവിതത്തിന്റെ ഒരു പ്രദർശനകേന്ദ്രമായി നിയമസഭാ സമുച്ചയത്തെ മാറ്റുന്നതിനുള്ള ധാരാളം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

ഒരു തരി മണ്ണ് പോലും വെറുതേയിടാതെയുള്ള ജൈവകൃഷിക്കുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വളരെ വിപുലമായ തുളസീവനം, മുപ്പതിലധികം ഇനങ്ങളുള്ള കദളീവനം, റോസ് ഗാർഡൻ, ജീവനക്കാരുടെ ഹരിതക്ലബ്ബിന്റെ നേതൃത്വത്തിലുള്ള വിപുലമായ പ്രവർത്തനങ്ങൾ, കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് നടക്കുന്നത്.

കുടപ്പനക്കുന്ന് കൃഷിഭവനിൽനിന്ന് ലഭിച്ച മണിരത്‌ന ഇനത്തിലെ വിത്ത് ഉപയോഗിച്ചുള്ള നെൽക്കൃഷിയാണ് നടത്തിയത്. സാധാരണയായി പുത്തരിക്കണ്ടത്തുനിന്നുള്ള നെല്ലാണ് ഉപയോഗിക്കുന്നതെങ്കിലും പൂർണ വളർച്ചയെത്തിയ നെല്ല് ഇവിടെ നിന്ന് ലഭിച്ചതിനാലാണ് ഉപയോഗിച്ചതെന്നും സ്പീക്കർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.