കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നതിന് ഊന്നല്‍ നല്‍കി അടുത്ത വര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഡയറ്റ് ഉപദേശക സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രവര്‍ത്തന രൂപരേഖ യോഗത്തില്‍ സമര്‍പ്പിച്ചു. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ഓരോ ക്ലാസിലും കുട്ടി ആര്‍ജിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പു വരുത്തും.

ജില്ലയ്ക്ക് തനതായ വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കും. ബിആര്‍സി പ്രവര്‍ത്തനം മികവുറ്റതാക്കും. വിദ്യാലയാധിഷ്ഠിത അധ്യാപക പരിശീലന രീതി വികസിപ്പിക്കും. ആദിവാസി പട്ടിക വര്‍ഗ്ഗ മറ്റ് ദുര്‍ബ്ബല വിഭാഗങ്ങളുടെ പഠന പ്രശ്നം കണ്ടെത്തി പരിഹരിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തും. ജില്ലയിലെ വിദ്യാഭ്യാസ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

ടീച്ചര്‍ ഒരു ഗവേഷക എന്ന നിലയില്‍ ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഓരോ അധ്യാപകനേയും ശാക്തീകരിക്കും. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് പിടിഎ / എസ് എം സി എന്നിവയുടെ പങ്ക് തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും ഉപദേശക സമിതി പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

ഐ സിറ്റി അധിഷ്ഠിത ക്ലാസ് റൂം വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, പരിസ്ഥിതി ബോധനത്തില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിലും, നിരന്തര മൂല്യ നിര്‍ണ്ണയം ക്ലാസ് റൂം സാധ്യതകള്‍ എന്നിവയില്‍ പഠനം നടത്തുമെന്നും 2019 – 20 വര്‍ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ ‘സമഗ്രം’ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ യോഗം ഉദ്ഘാടനം ചെയ്തു.

സീനിയര്‍ ഫാക്കല്‍റ്റി ലോഹിതദാസന്‍ അദ്ധ്യക്ഷ വഹിച്ചു.  ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. സോമരാജന്‍ ആമുഖപ്രഭാഷണം നടത്തി.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സോഫി ജേക്കബ്, ഐ. സി. ഡി. എസ്. പ്രോഗ്രാം ഓഫീസര്‍ നിഷാ നായര്‍, എസ്. എസ്. കെ. പ്രോജക്റ്റ് ഓഫീസര്‍ ജോര്‍ജ് ഇഗ്‌നേഷ്യസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബിനുമോന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. ഗീത മോഡറേറ്ററായിരുന്നു.  ജില്ലയിലെ പട്ടിക വര്‍ഗ മേഖലയിലെ സജീവ ഇടപെടല്‍ ഉറപ്പാക്കുക, ഭാഷാന്യൂനപക്ഷമേഖലയിലെ വിദ്യാഭ്യാസ ഗുണമേന്‍മ-ക്കായി പ്രത്യേക അക്കാദമിക പാക്കേജ് തയ്യാറാക്കുക, ഹയര്‍സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി മേഖലയിലെ മികവിനായുള്ള വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. എന്‍. സന്തോഷ്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി. കെ., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. അപ്പുണ്ണി, ഷാജു തോമസ്, വി. കെ. സാനു, വി. വി. ഷാജി, സിബി കുരുവിള, പി. എന്‍. സന്തോഷ,് സ്റ്റെസ്ന ടൈറ്റസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.  ഡയറ്റ് ലക്ചറര്‍ എം തങ്കരാജ് നന്ദി പറഞ്ഞു.