സംസ്ഥാനത്തെ ആരോഗ്യപരിപാലന മേഖലയെ ഉന്നതനിലവാരത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ആർദ്രം മിഷന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു.

പ്രഥാമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് യോഗത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. അതിൽ 158 എണ്ണം പൂർത്തിയായി. ബാക്കിയുള്ള സ്ഥലങ്ങളിൽ നിർമാണം നടക്കുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് വേണ്ടി 2017-18ൽ 830 തസ്തികകളും 2019-20ൽ ആയിരം തസ്തികകളും സൃഷ്ടിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി. സമയം രാവിലെ 9 മുതൽ 6 മണിവരെയാക്കിയത് ജനങ്ങൾക്ക് വലിയ പ്രയോജനമായി. എല്ലായിടത്തും നിലവാരമുള്ള ലാബും മെച്ചപ്പെട്ട ഫാർമസി സംവിധാനവുമുണ്ട്. എട്ട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ജനസൗഹൃദ ഒ.പി. സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതിൽ ഏഴും പൂർത്തിയായി. ബാക്കിയുള്ള കോട്ടയം മെഡിക്കൽ കോളേജിൽ പ്രവൃത്തി 98 ശതമാനവും തീർന്നു.

ജില്ലാ ആശുപത്രികളുടെയും ജനറൽ ആശുപത്രികളുടെയും നവീകരണത്തിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എല്ലായിടത്തും ജനസൗഹൃദ ഒ.പി. സംവിധാനം വരുന്നു. താലൂക്ക് ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതിനുള്ള നടപടികളും വേഗത്തിൽ നീങ്ങുന്നു. ജില്ലാ-താലൂക്ക് ആശുപത്രികൾക്ക് വേണ്ടി 891 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.

154 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഇപ്പോൾ പ്രീ-ചെക്കപ്പ് നടക്കുന്നുണ്ട്. ചികിത്സയുടെ ഗുണനിലവാരം ഉയരാൻ ഇത് സഹായിച്ചു. 11 ജില്ലകളിൽ മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രീ-ചെക്കപ്പ് നടക്കുന്നു. 119 കേന്ദ്രങ്ങളിൽ ആസ്തമ ചികിത്സക്കുള്ള ‘ശ്വാസ്’ ക്ലിനിക്ക് പ്രവർത്തിക്കുന്നു. ‘ആശ്വാസം’ ക്ലിനിക് 145 കേന്ദ്രങ്ങളിൽ പ്രവർത്തനക്ഷമമാണ്.

വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളുമായി ആർദ്രം മിഷൻ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപരിശോധന എല്ലാ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും എത്തണം. രോഗപരിശോധന അത്യാവശ്യമാണെന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, ഡോ. ബി. ഇക്ബാൽ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് എന്നിവരും ആരോഗ്യവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.