മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരെ പുനരധിവസിപ്പിക്കലും ഫാമിലി ഷോട്ട് സ്‌റ്റേഹോം നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 3 പ്രധാന മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ആധുനികവത്ക്കരണം നടത്തി മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും.
അതിനാല്‍ തന്നെ മാനസികാരോഗ്യത്തിനായി വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരെ പുനരധിവസിപ്പിക്കലും ഫാമിലി ഷോട്ട് സ്‌റ്റേ ഹോം നിര്‍മ്മാണോദ്ഘാടനവും തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പലപ്പോഴും പല കാരണങ്ങല്‍ കൊണ്ടാണ് മാനസിക രോഗം ബാധിക്കുന്നത്. എന്നാല്‍ മാനസിക രോഗം ബാധിച്ചവരെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി കൊണ്ടു വന്നാല്‍ പിന്നെ അസുഖം ഭേദമായാലും തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണുള്ളത്.
ഇത്തരക്കാരോട് മനുഷ്യത്വപൂര്‍ണമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്‌നേഹവും പരിചരണവും ലഭിച്ചാല്‍ അവര്‍ക്ക് പുതിയൊരു ജീവിതത്തിലേക്ക് വരാനും സാധിക്കും. അതിനാലാണ് ഇവരുടെ പുനരധിവാസത്തിനായി സാമൂഹ്യ നീതി വകുപ്പ് പദ്ധതി തയ്യാറാക്കിയത്.
ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലായവരെ ആജീവനാന്തകാലം ജയിലില്‍ കഴിയേണ്ടി വന്നാല്‍ അവര്‍ക്കൊരിക്കലും നന്നാകാന്‍ സാധിക്കില്ല. അവരില്‍ പലരും ശരിയായ ജീവതം പഠിച്ച് തെറ്റുകുറ്റങ്ങള്‍ മനസിലാക്കി പ്രായശ്ചിത്തം ചെയ്ത് ജീവിതത്തിലേക്ക് വരാന്‍ സന്നദ്ധരായവരാണ്.
അതിനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. കോടതി വിടുതല്‍ ചെയ്തവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് സ്‌നേഹവും കരുതലും നല്‍കി ഒറ്റപ്പെടുത്താതെ പോകാനും നമുക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.
വിചാരണ തടവുകാരായി ജയിലില്‍ എത്തുകയും പിന്നീട് മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ 8 പേരെയാണ് വിടുതല്‍ ചെയ്തത്. തിരുവനന്തപുരത്തെ രണ്ട് സന്നദ്ധ സംഘടനകളാണ് ഇവരെ ഏറ്റെടുത്ത് പരിപാലിക്കുന്നത്.
നഗരസഭ മേയര്‍ വി.കെ. പ്രശാന്ത്, സാമൂഹ്യനീതിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, സബ് ജഡ്ജ് ജൂബിയ എ., സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഏലിയാസ് തോമസ്, സ്‌നേഹ വീട് റവ. ഫാ. ജോര്‍ജ് ജോഷ്വ, ജീവകാരുണ്യ മദര്‍ സുപ്പീരിയര്‍ റവ. സി. സാഫല്യ, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. അനില്‍ കുമാര്‍ എല്‍. എന്നിവര്‍ പങ്കെടുത്തു.