ലൈസൻസോ പെർമിറ്റോ ഇല്ലാതെ സംസ്ഥാനത്ത് പത്തുകോടി രൂപ വരെ മുതൽമുടക്കുള്ളതും ചുകപ്പ് വിഭാഗത്തിൽ (വലിയ മലിനീകരണമുണ്ടാക്കുന്നവ) വരാത്തതുമായ വ്യവസായങ്ങൾ തുടങ്ങാൻ കഴിയുംവിധം ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

മൂന്നുവർഷത്തിനകം നിയമാനുസൃതമായ എല്ലാ അനുമതികളും വ്യവസായികൾ നേടിയിരിക്കണം. നിയമപരമായ അനുമതികൾ വൈകുന്നതുകാരണം സംരംഭകർക്കുള്ള പ്രയാസം തീർത്തും ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്.

യോഗത്തിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ.കെ. ഇളങ്കോവൻ, സഞ്ജയ് ഗാർഗ്, കെ.എസ്.ഐ.ഡി.സി എം.ഡി സഞ്ജയ് കൗൾ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്ക് ഉയർത്തുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. ബിസിനസ്സ് റിഫോം ആക്ഷൻ പ്ലാൻ 2018-19-ൽ നിർദേശിച്ചതും കേരളത്തിന് ബാധകമായതുമായ 77 ഇനങ്ങളിൽ 63-ഉം സംസ്ഥാനം നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള 14 ഇനങ്ങൾ വേഗത്തിൽ നടപ്പാക്കും.

പത്തുകോടി രൂപയിലധികം മുതൽമുടക്ക് വരുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കുന്നതിന് വ്യവസായ വകുപ്പിൽ പ്രത്യേക സെൽ ആരംഭിക്കുന്നതിനും ധാരണയായി. പ്രവാസി നിക്ഷേപകർക്ക് ഈ സെല്ലുമായി നേരിട്ടു ബന്ധപ്പെടാം. പ്രവാസി നിക്ഷേപകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ സെൽ വഴി ലഭ്യമാക്കും.

ഷോപ്‌സ് ആൻറ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ വർഷാവർഷം ലൈസൻസ് പുതുക്കേണ്ടതുണ്ട്. അതൊഴിവാക്കി, ഒരിക്കൽ ലൈസൻസ് ലഭിച്ചവർ അതു വീണ്ടും പുതുക്കേണ്ടതില്ലെന്ന നിയമഭേദഗതി കൊണ്ടുവരുന്നതും പരിശോധിക്കാൻ തീരുമാനിച്ചു.

വാണിജ്യകരാറുകളുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ വാണിജ്യകോടതികൾ ഹൈക്കോടതിയുടെ അനുമതിയോടെ സ്ഥാപിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വ്യവസായനിക്ഷേപം ആകർഷിക്കുന്നതിനും വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല നിക്ഷേപ ഉപദേശക കൗൺസിൽ രൂപീകരിക്കുന്ന കാര്യവും പരിഗണിക്കും. നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് സൗജന്യകോൾ സെൻറർ സ്ഥാപിക്കാനും തീരുമാനിച്ചു.

മികച്ച വ്യവസായങ്ങൾക്ക് മേഖലകൾ തിരിച്ച് സംസ്ഥാനതല അവാർഡ് ഏർപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിനും നിയമപരമായ അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് വിശദീകരിക്കാനും വ്യവസായികളുടെ നിർദേശങ്ങൾ കേൾക്കുന്നതിനും സംസ്ഥാനത്തെ പ്രധാന വ്യവസായ സംഘടകളുടെ പ്രതിനിധികളുമായി വ്യവസായമന്ത്രി ചർച്ച നടത്തുന്നതാണ്.