ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈവശം വയ്ക്കുന്ന സർക്കാർ ഭൂമി തിരിച്ചെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തർക്കങ്ങളുണ്ടെങ്കിൽ സർക്കാരിനു സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു ഉടമസ്ഥാവകാശം നിർണ്ണയിക്കാമെന്ന് 2018 ഏപ്രിൽ 11ന് ഹൈക്കോടതി വിധി വന്നിരുന്നു.

എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന് അവകാശപ്പെട്ട ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിനു സർക്കാരിനു വേണ്ടി സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനു ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു.

നിയമ വിദഗ്ധരുടെയും തഹദിൽമാരുടെയും നേതൃത്വത്തിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഭൂമി ഉടമസ്ഥ പ്രശ്‌നം പരിഹരിക്കാൻ വർഷങ്ങൾ എടുക്കുമെന്നതിനാൽ സിവിൽ കേസ് ഫയൽ ചെയ്യേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

സർക്കാരിന്റെ നിലവിലെ അധികാരങ്ങൾ ഉപയോഗിച്ചും ഭുപരിഷ്‌ക്കരണ-ഭൂസംരക്ഷണ നിയമത്തിലെ പഴുതുകളടച്ചും സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള നിർദേശമാണ് മുന്നോട്ടു വയ്ക്കുന്നത്. ഈ തീരുമാനം ആഗസ്റ്റ് ഒൻപതിന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല യോഗത്തിൽ അവതരിപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നിലവിലെ തർക്കഭൂമിയിൽ പ്ലാന്റേഷൻ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം അനുവദിച്ചിട്ടുള്ള 15 ഏക്കറിൽ കൂടുതൽ ഭൂമി സ്വകാര്യവ്യക്തി കൈവശം വയ്ക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞാൽ ഭൂസംരക്ഷണ നിയമത്തിന്റെ പരിധിയിലൂടെ മിച്ചഭൂമിയായി സർക്കാരിനു ഏറ്റെടുക്കാൻ കഴിയും.

സിവിൽ കേസ് ഫയൽ ചെയ്യാത്ത സാഹചര്യത്തിൽ തുടർ നടപടികളുടെ ഭാഗമായി ഈ സാധ്യകളും പരിശോധിക്കും. ജില്ലയിൽ ഒരിടത്തും പട്ടയമില്ലാത്ത എച്ച്.എം.എൽ ഭൂമിയുടെ ഉടമസ്ഥാവകാശം 01-01-1970 നു ശേഷം സർക്കാർ ഏറ്റെടുത്തിരുന്നു. ഭൂമി ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് ഹാരിസൺ പ്ലാന്റേഷനുകൾക്ക് നൽകിയിരിക്കുന്നത്.

കൈവശം വയ്ക്കുന്നയാൾക്കു പ്ലാന്റേഷൻ ഭൂമിയുടെ സ്വഭാവം മാറ്റാനുള്ള അധികാരവുമില്ല. എന്നാൽ സ്വത്ത് ഭാഗം വയ്ക്കുന്ന അവസരത്തിൽ പ്ലാന്റേഷൻ ഭൂമി, ഇതര ഭൂമി എന്നിങ്ങനെ തരംതിക്കാത്ത പ്രശ്‌നവും നിലനിൽക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം കാലങ്ങളായി തുടരുന്നതിനാൽ സർക്കാർ ആവശ്യങ്ങൾക്കുള്ള ഭൂമിപോലും ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യങ്ങളെല്ലാം തുടർനടപടികളുടെ ഭാഗമായി പരിശോധിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

കോടതി വിധിയെ തുടർന്ന് നിർത്തിവച്ച വൈത്തിരി താലൂക്കിലെ ലാൻഡ് ട്രൈബുണൽ കേസുകളുടെ വിശദാംശങ്ങളും മന്ത്രിതല യോഗത്തെ അറിയിക്കും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉടമസ്ഥാവകാശ തർക്കം നിലനിറുത്തി കൊണ്ട് തന്നെ പ്ലാന്റേഷനുകളിൽ നിന്നും സർക്കാരിനു കിട്ടേണ്ട ഭൂനികുതിയും പലിശയും ഈടാക്കാൻ ജൂണിൽ സർക്കാർ ഉത്തരവിട്ടിരുന്നു. വില്ലേജ് ഓഫീസർമാരോട് നോട്ടീസ് നൽകി നികുതി പിരിവ് കാര്യക്ഷമമാക്കാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്.

ഭൂമി കൈവശം വയ്ക്കുന്നവർ 2945
വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈമാറിയ ഭൂമി കൈവശം വയ്ക്കുന്നവർ ആകെ 2945 പേരുണ്ട്. ഹാരിസൺസ് മലയാളം ലിമിറ്റഡിൽ നിന്നും 1970നു മുൻപ് ഭൂമി വാങ്ങി കൈവശം വയ്ക്കുകയും പിൽക്കാലത്ത് ആ ഭൂമി ലാൻഡ് ട്രൈബ്യൂണിൽ നിന്നും പട്ടയം ലഭിക്കുകയും ചെയ്തവരുടെയും അവരുടെ പിൻതുടർച്ചാവകാശികളുടെയും നാല് ഏക്കർ വരെയുള്ള ഭൂമി നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പോക്കുവരവ് ചെയ്യുന്നതിനും കരം സ്വീകരിക്കുന്നതിനും 2018 മേയ് 24ന് സർക്കാർ നിർദേശം നൽകിയിരുന്നു.