കാക്കനാട്: ‘സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ 2020’ നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പുതുക്കൽ നടപടികൾ നടക്കുന്നത്. ആദ്യഘട്ടമായി വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കാനും തെറ്റുകൾ തിരുത്താനും അവസരം നൽകും.

ഇതോടൊപ്പം ഫോട്ടോകളിലും അഡ്രസിലുമെല്ലാം ഈ കാലയളവിൽ മാറ്റം വരുത്താനും അവസരമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് തിരുത്തലുകൾ വരുത്തേണ്ടത്. ഈ മാസം 16 മുതൽ സെപ്റ്റംബർ 30 വരെയാണ് ഇതിനുള്ള അവസരം.

പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ സെപ്റ്റംബർ 1 മുതൽ 30 വരെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ഇതിനായി ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് ഇവർക്ക് പ്രത്യേക വേതനവും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ 2020 ജനുവരി 1 ന് 18 വയസ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

ഇതിന് ഒക്ടോബർ 15 മുതൽ ജനുവരി 15 വരെ അവസരമുണ്ട്. ഇതിനായി അക്ഷയ സെന്ററുകളിലും ഓൺലൈൻ വഴിയും താലൂക്ക് തല ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയുമുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. നടപടി ക്രമങ്ങളുടെ ഭാഗമായി ഒക്ടോബർ 15 ന് കരട് വോട്ടർ പട്ടികയും ജനുവരി 15 ന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും.

കൂടാതെ 1500 വോട്ടർമാരിൽ കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകൾ വിഭജിക്കുന്നതും പ്രവർത്തനം പ്രയാസകരമായ പോളിംഗ് സ്റ്റേഷനുകൾ മാറ്റി സ്ഥാപിക്കുന്നതുമടക്കമുള്ള കാര്യങ്ങളും ഇതോടൊപ്പം തീരുമാനിക്കും. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡപ്യൂട്ടി കളക്ടർ എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്നു.

നടപടി ക്രമങ്ങൾ കുറ്റമറ്റതാക്കാൻ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്ന് അദ്ദേഹം രാഷ്ട്രീയ പാർട്ടി പ്രതിനിധികളോടാവശ്യപ്പെട്ടു. താലൂക്ക് തലത്തിലും തുടർ യോഗങ്ങൾ ചേരും .