ആയുര്‍വേദ ഔഷധ നിര്‍മ്മാതാക്കളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ച് സര്‍ക്കാരിന്‍റെയും പൊതു സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഔഷധസസ്യകൃഷി വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഔഷധസസ്യകൃഷി വ്യാപകമാക്കുന്നതിന് സര്‍ക്കാര്‍ എടുത്ത നടപടികള്‍ അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഔഷധസസ്യകൃഷി വ്യാപനം ഒരു പദ്ധതിയായി ഏറ്റെടുത്ത് സ്ഥലം കണ്ടെത്തി നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് സാധിക്കണം. പാട്ടവ്യവസ്ഥയിലും താല്‍ക്കാലികമായും കൃഷി ചെയ്യാന്‍ അനുവാദം നല്‍കും. സര്‍ക്കാരിന്‍റെ അധീനതയിലുള്ള ഫാമുകളില്‍ ഒരു ഭാഗം ഔഷധസസ്യകൃഷിക്കായി നീക്കി വെക്കണം.

കേരളത്തില്‍ പ്രധാനപ്പെട്ട ആയുര്‍വേദ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ കിട്ടുന്നില്ല. ഔഷധസസ്യങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്തതാണ് കാരണം. പലതും വംശനാശത്തിന്‍റെ വക്കിലാണ്. ഔഷധനിര്‍മാണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് ഔഷധസസ്യ വ്യാപനത്തിന് കൂട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

കണ്ണൂരില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്‍റെ ഭൂമിയില്‍ ഔഷധസസ്യ കൃഷി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔഷധനിര്‍മാതാക്കളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിപുലമായ യോഗം വിളിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ചുമതലപ്പെടുത്തി.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, വി.എസ്. സുനില്‍കൂമാര്‍, കെ. രാജു, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.കെ. സിംഗ് എന്നിവരും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.