ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക്  പ്രഭാത ഭക്ഷണം നല്‍കുന്ന  മധുരം പ്രഭാതം പദ്ധതി ആഗസ്ത് 16  മുതല്‍ ആരംഭിക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു മുന്‍കൈ എടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രഭാത ഭക്ഷണം കഴിക്കാന്‍ സാഹചര്യമില്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കാന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന  പദ്ധതിയാണ് മധുരം പ്രഭാതം. ഈ പദ്ധതി ഫലപ്രദമായി  നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാകളക്ടര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിയത്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്ഷണശാലകളോ ഹോട്ടലുകളോ ഇല്ലാത്ത വിദ്യാലയങ്ങളിലാണ്  കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ബാനം, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോടോം, എം ജി എല്‍ സി പുളിക്കാല്‍, പെരിയ എന്നീ വിദ്യാലയങ്ങളാണ് സന്ദര്‍ശിച്ചത്.
കളക്ടര്‍       സ്‌കൂള്‍ അധ്യാപകരോടും ജീവനക്കാരോടും മധുരം പ്രഭാതം പദ്ധതിയെ കുറിച്ച്  വിശദീകരിക്കുകയും പ്രഭാത ഭക്ഷണം കഴിക്കാന്‍ സാഹചര്യമില്ലാത്ത കുട്ടികളുടെ പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇതിനാവശ്യമായ തുക സ്‌പോണ്‍സര്‍ ചെയ്യാമെന്ന് കളക്ടര്‍ക്ക് ഉറപ്പ് നല്‍കി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍,  ജില്ലാ ശിശു ക്ഷേമ ഭരണ സമിതി അംഗം അജയന്‍ പനയാല്‍, വി സൂരജ്, തുടങ്ങിയവര്‍ കളക്ടറുടെ സംഘത്തിലുണ്ടായിരുന്നു.