കാസർകോട്‌ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ കനത്ത മഴയിൽ 26 വീടുകൾ ഭാഗികമായും ഒരു വീട് മുഴുവനായും തകർന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ മൂന്നും, കാസർകോട് താലൂക്കിൽ രണ്ടും, മഞ്ചേശ്വരം താലൂക്കിൽ ഏഴും, ഹോസ്ദുർഗ് താലൂക്കിൽ 13 വീടുകളുമാണ് ഭാഗികമായി തകർന്നത്. ഹോസ്ദുർഗ് താലൂക്കിലാണ് ഒരു വീട് പൂർണ്ണമായും തകർന്നത്. ജില്ലാ കളക്റ്റർ എല്ലാ തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും ജാഗരൂകരാകാൻ നിർദേശം കൊടുത്തിട്ടുണ്ട്. പൊതുജനത്തിന് മഴക്കെടുതിയെ കുറിച്ച് പരാതിപ്പെടാൻ
വില്ലേജ്, താലൂക്ക് , ജില്ലാ തലത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ട്.
മഞ്ചേശ്വരം താലൂക്കിൽ കടലാക്രമണം പ്രതിരോധിക്കാനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പ് മുഖേന നടപ്പിലാക്കി. കടലാക്രമണ ഭീഷണികൾ നേരിടുന്ന പ്രദേശത്ത് ജിയോ ബേഗുകളും, സംരക്ഷണ ഭിത്തികളും നിർമ്മിക്കാൻ കളക്ടർ നിർദേശം നൽകി. എത് അടിയന്തിര സാഹചര്യവും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ട്. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്