കാസർഗോഡ്: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത നിധിയില്‍ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ച് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മിച്ച ഗ്രാമീണ ഇന്‍ഡോര്‍ സ്റ്റേഡിയം എന്‍എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ശിലാഫലകം അനാഛാദനം ചെയ്തതിനു ശേഷം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, എച്ച് എ എല്‍ ഹൈദ്രബാദ് ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍ എന്നിവരുമായി ബാഡ്മിന്റണ്‍ കളിച്ചാണ് ഉദ്ഘാടനം ചെയ്തത്.

ആരോഗ്യമുള്ള ജനതയാണ് നാടിന്റെ വികസനത്തിന്റെ മുഖമുദ്രയെന്ന് എന്‍ എ നെല്ലിക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് നടന്ന ഇന്‍ഡോര്‍ സ്റ്റഡിയം ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. കായിക വിനോദത്തിലൂടെ മാനവികത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും എച്ച് എ എല്ലില്‍ നിന്ന് കാസര്‍കോടിന്റെ വികസനത്തിന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എച്ച് എ എല്‍ ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍ സംസാരിച്ചു.കാസര്‍കോടിന്റെ സാമൂഹിക പുരോഗതിക്ക് കൂടുതല്‍ പ്രതിബദ്ധത ഫണ്ട് നല്‍കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു  ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അധ്യക്ഷനായിരുന്നു.

ജില്ലാ സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്മാന്‍ എ ഡി എം, എന്‍ ദേവീദാസ് ,ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ ,പൊതുമരാമത്ത് (കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ സി.രാജേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എച്ച് എ എല്‍ ഉദ്യോഗസ്ഥര്‍, കളക്ടറേറ്റ് ജീവനക്കാര്‍ , കായിക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു