കാസർഗോഡ്: ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്നതിനായി സ്ഥലം നല്‍കിയ പത്ത് സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം അഞ്ച് ലക്ഷം രൂപ സമാശ്വാസ ധന സഹായം നല്‍കി. ധനസഹായ ചെക്ക് വിതരണം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍. എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
 ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ഗെയ്ല്‍ കണ്‍സ്ട്രക്ഷന്‍ സീനിയര്‍ മാനേജര്‍ ആന്റണി ഡിക്രൂസ് സംസാരിച്ചു.   എച്ച് എ എല്‍ ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍.  എ ഡി എം, എന്‍ ദേവീദാസ്, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍,  ഗെയില്‍ റവന്യു വിഭാഗം പ്രതിനിധി പി. കുഞ്ഞിക്കണ്ണന്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ പതിനഞ്ച് കുടുംബങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പ്രകാരം ഭൂവുടമകള്‍ക്ക് നല്‍കുന്ന ഭൂമിക്കും കാര്‍ഷിക വിളകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരത്തിന് പുറമേയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) സമാശ്വാസ ധനസഹായം നല്‍കുന്നത്.
തെക്കില്‍ വില്ലേജില്‍ ഏഴും പെരിയ വില്ലേജില്‍ മൂന്നും മടിക്കൈയില്‍ രണ്ടും പേരോലിലും പനയാലിലും  ഓരോ കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കിയത്. പത്ത് സെന്റില്‍ താഴെ ഭൂമിയുള്ളവരുടെ രണ്ട് മീറ്റര്‍ ഭൂമിയാണ് ഗെയില്‍ ഏറ്റെടുത്തത്. പെട്രോളിയം പ്രകൃതി വാതക  ആക്ട് പ്രകാരം ഫെയര്‍ വാല്യുവിന്റെ 10 ശതമാനം തുകയാണ് നഷ്ടപരിഹാരം നല്‍കുന്നത്.