ജില്ലയിൽ മഴയുടെ തീവ്രത കൂടിയതോടെ അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽനിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജീവൻ രക്ഷിക്കാൻ പ്രഥമ പരിഗണന നൽകാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാർ നിർദേശം നല്കി. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പരിശോധന നടത്തും. മഴക്കെടുതി നേരിടാനുള്ള എല്ലാ മുൻകരുതൽ നിർദേശങ്ങളും പൊതുജനങ്ങളിൽ എത്തിക്കാൻ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കബനി നദിയുടെ തീരങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മണ്ണു സംരക്ഷണ വകുപ്പ് ഓഫീസർ പി.യു ദാസ് അറിയിച്ചു. തുടർച്ചയായി പെയ്യുന്ന അതിതീവ്ര മഴ കബനിയിൽ നീരൊഴുക്കു കൂടാൻ കാരണമായിട്ടുണ്ട്. രണ്ടു മണിക്കൂറിനുള്ളിൽ നാലു സെന്റി മീറ്റർ മഴ പൊഴുതനയിൽ മാത്രം വ്യാഴാഴ്ച ലഭിച്ചു.

തുടർച്ചയായ മഴയിൽ മണ്ണു കുതിർന്നതിനാൽ മണ്ണ് ഇടിഞ്ഞു താഴ്ന്നതിനും സാധ്യത കൂടുതലാണെന്നും ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ അറിയിച്ചു. ഇത്തരം പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി തുടങ്ങി.

എല്ലാ അവശ്യവകുപ്പുകളും പരാതി പരിഹാരത്തിനായി പ്രത്യേകം സംവിധാനം ഒരുക്കാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഇടപ്പെടുന്നവർ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പാലിക്കണം. കണ്ണൂരിൽ നിന്നും 60 പേരടങ്ങുന്ന ഡിഫൻസ് സെക്യൂരിട്ടി കോപ്‌സ് വ്യാഴാഴ്ച്ച വൈകിട്ടോടെ ജില്ലയിലെത്തി. രാത്രിയോടെ ഒരു കമ്പനി ദേശിയ ദുരന്ത നിവാരണ സേനയും ജില്ലയിലെത്തും.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ എഡിഎം കെ. അജീഷ്, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.