കേരളനിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് 13ന് രാവിലെ 10.30ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് ജില്ലയിൽ നിന്നും സമിതിയുടെ പരിഗണനയിലുളള വിഷയങ്ങളിന്മേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഹർജിക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തും.
സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ഹർജികൾ സ്വീകരിക്കും. തുടർന്ന് കണ്ണൂർ ജില്ലയിലെ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, മഹിളാമന്ദിരം, കണ്ണൂർ ഗവൺമെന്റ് വി.എച്ച്.എസ് സ്‌പോർട്‌സ് സ്‌കൂൾ എന്നിവ സന്ദർശിക്കും. പരാതി സമർപ്പിക്കുവാൻ താത്പര്യമുളളവർക്ക് യോഗത്തിൽ ഹാജരായി പരാതി രേഖാമൂലം സമർപ്പിക്കാം.
ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി ആഗസ്റ്റ് 14ന് രാവിലെ 10.30ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. റീ സർവേ നടപടികൾ, സർവേ രേഖകളുടെ ഡിജിറ്റൈസേഷൻ എന്നിവ സംബന്ധിച്ച് റവന്യൂ വകുപ്പിലെയും റിവർ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗം സംബന്ധിച്ച് റവന്യൂ ജലവിഭവ വകുപ്പുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ ഹാജരായി ഈ വിഷയങ്ങളിൽ തെളിവ് നൽകാം.
നിയമസഭാസമിതി വിഴിഞ്ഞം സന്ദർശിക്കും
കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി ആഗസ്റ്റ് 14ന് രാവിലെ 11.30ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സന്ദർശിച്ച് ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുമായി ചർച്ചനടത്തും.