മഴ തുടരുന്ന സാഹചര്യത്തില്‍ അടൂര്‍, തിരുവല്ല താലൂക്കുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന്റെ അധ്യക്ഷതയില്‍ അവലോകനയോഗങ്ങള്‍ ചേര്‍ന്നു. നിലവില്‍ ഈ രണ്ടു താലൂക്കുകളിലും ആവശ്യമായ മുന്‍കരുതലുകള്‍ ജില്ലാഭരണകൂടം എടുത്തിട്ടുണ്ട്.

അടൂരില്‍ താലൂക്ക് തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ നഗരസഭയുടെ കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശിച്ചു. മഴക്കെടുതികള്‍ രൂക്ഷമായ വില്ലേജുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഓരോ ക്യാമ്പുകള്‍ക്കും  ഓരോ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുവാന്‍ അതത് താലൂക്കിലെ തഹസില്‍ദാര്‍മാരെ ചുമതപ്പെടുത്തി.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിറക് ഉപയോഗിക്കാന്‍ കഴിയാത്ത ക്യാമ്പുകളില്‍ പാചകത്തിന് ഗ്യാസ് സിലണ്ടറുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എങ്കിലും മഴ ശക്തമായാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മുന്‍ കരുതലെന്ന നിലയില്‍ ജനങ്ങളെ ഒഴിപ്പിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വള്ളങ്ങളും ബോട്ടുകളും ഏര്‍പ്പെടുത്താന്‍ ഫയര്‍ഫോഴ്സിനെ ചുമതലപ്പെടുത്തി.ഐരാണിക്കുഴി ഷട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലപ്പുഴ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് പരിഹരിക്കും.

പന്തളം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അടൂര്‍ താലൂക്ക്തല യോഗത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പന്തളം നഗരസഭാ കൗണ്‍സിലര്‍മാര്‍,സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തഹസില്‍ദാര്‍, റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന തിരുവല്ല താലൂക്ക്തല യോഗത്തില്‍ മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജനപ്രതിനിധികള്‍, തിരുവല്ല തഹസില്‍ദാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന്  തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നവരുമായി മന്ത്രി സംസാരിച്ചു. ക്യാമ്പുകളില്‍  എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് വരാല്‍തോടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും മന്ത്രി വിലയിരുത്തി.