കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിലും കാറ്റിലുമായി ജില്ലയില്‍ 10 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി പാലായി,  ചാത്തമത്ത്,  അച്ചാംതുരുത്തി , പെടോതുരുത്തി, ആലയി എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ  ക്ലായിക്കോട് ഫാം ഹൗസില്‍ ആരംഭിച്ച  ദുരിതാശ്വാസ ക്യാംപില്‍ നാലു പേരടങ്ങുന്ന ഒരു കുടുംബവും  ഉടുമ്പന്തല 48 ാം നമ്പര്‍ അങ്കണവാടിയില്‍ ആരംഭിച്ച ക്യാംപില്‍ മൂന്നു കുടുംബങ്ങളിലെ 14 പേരുമാണ് നിലവിലുള്ളത്.   റവന്യു, പോലീസ്, ഫയര്‍ഫോഴസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഏകോപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക പരിശീലനം നേടിയ മത്സ്യത്തൊഴിലാളികള്‍ സജ്ജരായിട്ടുണ്ട്. മഞ്ചേശ്വരം താലൂക്കില്‍ മൂസോടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് 9 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിയിരുന്നു. കുമ്പളയില്‍ രണ്ടു കുടുംബങ്ങളെയും ചേരങ്കൈ കടപ്പുറത്തെ രണ്ട് കുടുംബങ്ങളേയും ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജില്‍ പുഴക്കരയില്‍ താത്കാലിക ഷെഡില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളേയാണ് ഉടുമ്പന്തല അങ്കണവാടിയിലേക്ക് മാറ്റിയത്. വെള്ളരിക്കുണ്ട് താലൂക്കില്‍ മഴ ശക്തമാണ്. പാലാവയല്‍ വില്ലേജില്‍ വീട് തകര്‍ന്നു ചൈത്രവാഹിനിപുഴ കരകവിഞ്ഞൊഴുകി.
ഈസ്റ്റ് എളേരി, ബളാല്‍  കോടോം-ബേളൂര്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ ചെങ്കുത്തായ കുന്നിന്‍ ചെരുവുകളില്‍ അപകട ഭീഷണിയില്‍ കഴിയുന്നവരോട് മാറി താമസിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബന്ധപ്പൈട്ട  പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ നാലു വീടുകളാണ് പേമാരിയില്‍ തകര്‍ന്നത്. അജാനൂര്‍ വില്ലേജില്‍ രണ്ട് വീടുകളിലേക്കും ചിത്താരി വില്ലേജിലെ ഒരു വീടിനു മുകളിലും തെങ്ങ് വീണും, കൊന്നക്കാട് വില്ലേജിലെ ഒരു വീടിലേക്ക് മരം മറിഞ്ഞു വീണുമാണ് ഭാഗികമായി തകര്‍ന്നത്. കയ്യൂര്‍ വില്ലേജില്‍ ചെറിയാക്കര, കയ്യൂര്‍, പൂക്കോട് എന്നിവിടങ്ങളില്‍ പുഴ കവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറിയതിനാല്‍ 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരെല്ലാവരും സമീപത്തുള്ള ബന്ധുവീടുകളിലേക്കാണ് മാറിയത്. ക്ലായിക്കോട് വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ 14 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താസമം മാറ്റി. ഠപരോലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ ആല്‍മരം കടപുഴകി വീണു ആളപായമില്ല.
വെള്ളരിക്കുണ്ട് കോടോത്ത് വില്ലേജില്‍ മണ്ണിടിഞ്ഞ് വീണ് കോണ്‍ക്രീറ്റ് വീട് ഭാഗികമായി തകര്‍ന്നു. കൊന്നക്കാട് മഞ്ചിച്ചാലില്‍ പുഴ കവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട നാല് കുടുംബങ്ങളെയും അശോകച്ചാലില്‍ ഒരു കുടുംബത്തേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മഞ്ചേശ്വരം താലൂക്കില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോയിപ്പാടി, കയ്യാര്‍, എടനാട് വില്ലേജുകളില്‍ ശക്തമായ കാറ്റിലും മഴയിലുമായി ഓടു മേഞ്ഞ മൂന്നു വീടുകളാണ് തകര്‍ന്നത്. കോയിപ്പാടി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വൈദ്യുതി തൂണുകള്‍ അപകടാവസ്ഥയിലാണ്.
കാസര്‍കോട് താലൂക്കില്‍ ബേള വില്ലേജില്‍ ശക്തമായ മഴയില്‍ ഒരു വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. മുളിയാര്‍ പാണൂരില്‍ ഓടു മേഞ്ഞ വീടിന്റെ മേല്‍ക്കൂരയും ഭാഗികമായി തകര്‍ന്നു. മുളിയാറില്‍ റോഡിലേക്ക് മറിഞ്ഞു വീണ മരം ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചു മാറ്റി. എടനീരില്‍ മണ്ണിടിച്ചിലിനുള്ള സാധ്യാതയുണ്ടെന്നും മരം അപകടാവസ്ഥയിലുമാണെന്ന് വില്ലേജ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജില്ലാ ദുരന്തനിവാരണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. എ ഡി എം എന്‍ ദേവീദാസ,് ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍  ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഫയര്‍ഫോഴ്‌സ് പോലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. നഗരസഭ ചെയര്‍മാന്മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളും പൊതുജനങ്ങങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.