വയനാട് കണ്ടതില്‍വച്ചേറ്റവും ഭയാനകമായ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി ആരോഗ്യവകുപ്പ്. ദുരന്തത്തിനു ശേഷമുള്ള ആദ്യമണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കടക്കം ആര്‍ക്കും പുത്തുമലയില്‍ നിന്ന് ചൂരല്‍മല ഭാഗത്തേക്ക് കടക്കാനായില്ല.

കല്ലും മണ്ണും മരങ്ങളും വലിയ പാറകളും ചൂരല്‍മലയിലേക്കുള്ള റോഡ് ഗതാഗതം താറുമാറാക്കിയിരുന്നു. യന്ത്രസഹായത്തോടെ ഒരു വാഹനത്തിനു മാത്രം കഷ്ടിച്ചു കടന്നുപോകാവുന്ന തരത്തില്‍ വഴിയൊരുക്കിയെങ്കിലും മലവെള്ളം കുത്തിയൊഴുകുന്നതും മണ്ണിടിച്ചിലും കാരണം ചൂരല്‍മല ഭാഗത്തേക്ക് എത്തുന്നത് ദുഷ്‌കരമായി.

ഇതു തരണം ചെയ്ത് വെള്ളിയാഴ്ച രാവിലെ പത്തോടെ തന്നെ സൈന്യത്തിന്റെ സഹായത്തോടെ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. മിഥുന്‍പ്രകാശ്, ഡോ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അക്കരെയെത്തി.

ഗര്‍ഭിണിയായ യുവതിയെ അടക്കം അടിയന്തര വൈദ്യസഹായം ആവശ്യമായവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 280ഓളം ദുരിതബാധിതരുള്ള വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആദ്യം സഹായമെത്തിച്ചത്. രോഗികളെ പരിശോധിച്ച് മരുന്നുകളും മറ്റും വിതരണം ചെയ്തു.

തുടര്‍ന്ന് നീലിക്കാപ്പ് മേഖലയില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവര്‍ താമസിക്കുന്ന ചൂരല്‍മല ടെലിഫോണ്‍ എക്സ്ചേഞ്ചിലെത്തി രോഗികളെ പരിശോധിച്ചു. 20 കുടുംബങ്ങളില്‍ നിന്നായി 33 പുരുഷന്മാരും 32 സ്ത്രീകളും നാലു കുട്ടികളുമായിരുന്നു ക്യാംപില്‍. 15 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞും ആറുമാസം പ്രായമുള്ള ആണ്‍കുട്ടിയും ഇതിലുള്‍പ്പെടും. പിന്നീട് പുത്തുമല ഏലവയല്‍ അംഗന്‍വാടിയിലെത്തിയ സംഘം, ആശുപത്രിയിലെത്താന്‍ സാധിക്കാതെ വീടുകളില്‍ കഴിയുന്ന നിര്‍ധന രോഗികള്‍ക്കും വൈദ്യസഹായമെത്തിച്ചു.

ക്യാംപുകളില്‍ കഴിയുന്നവരെ പരിശോധിച്ച് മരുന്ന് വിതരണം ചെയ്തു. പ്രളയശേഷമുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കി സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ വിശദീകരിച്ചു. 53 പുരുഷന്മാരും 65 സ്ത്രീകളുമടക്കം 170 ദുരിതബാധിതരാണ് ക്യാംപിലുണ്ടായിരുന്നത്. 30 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ഇതിലുള്‍പ്പെടും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ആര്യയുടെ സേവനവും ഏലവയല്‍ അംഗന്‍വാടിയിലെത്തിയ സംഘത്തിനു ലഭിച്ചു.

നിലവില്‍ പ്രളയബാധിത മേഖലകളില്‍ ആരോഗ്യവകുപ്പില്‍ നിന്നുള്ള 75ഓളം ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം കര്‍മനിരതരാണ്. കോഴിക്കോടട് മെഡിക്കല്‍ കോളേജില്‍നിന്നും 10 ഡോക്ടര്‍മാരും സന്നദ്ധസേവനത്തിനു തയ്യാറായ മെഡിക്കല്‍ സംഘങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. എങ്കിലും പ്രളയബാധിത മേഖലകളില്‍ ഇനിയും 30ഓളം ഡോക്ടര്‍മാരുടെയും 60ഓളം പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ആവശ്യമുണ്ട്.