1221 ക്യാമ്പുകളിൽ 145928 പേർ

സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വേണുവും സംസ്ഥാന ദുരന്തനിവാരണം മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസും വിശദീകരിച്ചു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രനും യോഗത്തിൽ സംബന്ധിച്ചു.

വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകളനുസരിച്ച് 1221 ക്യാമ്പുകളിൽ 40967 കുടുംബങ്ങളിലെ 145928 പേരുണ്ട്. 46 മരണം റിപ്പോർട്ട് ചെയ്തു. 196 വീടുകൾ പൂർണമായും 2234 വീടുകൾ ഭാഗികമായും തകർന്നു.
ഏറ്റവും കൂടുതൽ ക്യാമ്പുകൾ കോഴിക്കോട് ജില്ലയിലാണ്, 251. ഇവിടെ 9080 കുടുംബങ്ങളിലെ 30878 പേർ കഴിയുന്നു. വയനാട്ടിൽ 197 ക്യാമ്പുകളിലായി 32276 പേർ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ 12 മരണമാണ് റിപ്പോർട്ട് ചെയ്തത്. വയനാട് 10 മരണം റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനങ്ങൾക്കായി 397 ബോട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. 210 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. 361 രക്ഷാപ്രവർത്തന സംഘങ്ങൾ പ്രവർത്തിക്കുന്നു. 923 മത്‌സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. 4311 പേരെ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. കോഴിക്കോട് 54 ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, ആലപ്പുഴ എന്നിവിടങ്ങളിൽ 50 വീതം ബോട്ടുകൾ തയ്യാറായിട്ടുണ്ട്.