വയനാട് കണ്ടതിൽവച്ചേറ്റവും ഭയാനകമായ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി ആരോഗ്യവകുപ്പ്. ദുരന്തത്തിനു ശേഷമുള്ള ആദ്യമണിക്കൂറുകളിൽ രക്ഷാപ്രവർത്തകർക്കടക്കം ആർക്കും പുത്തുമലയിൽ നിന്ന് ചൂരൽമല ഭാഗത്തേക്ക് കടക്കാനായില്ല.

കല്ലും മണ്ണും മരങ്ങളും വലിയ പാറകളും ചൂരൽമലയിലേക്കുള്ള റോഡ് ഗതാഗതം താറുമാറാക്കിയിരുന്നു. യന്ത്രസഹായത്തോടെ ഒരു വാഹനത്തിനു മാത്രം കഷ്ടിച്ചു കടന്നുപോകാവുന്ന തരത്തിൽ വഴിയൊരുക്കിയെങ്കിലും മലവെള്ളം കുത്തിയൊഴുകുന്നതും മണ്ണിടിച്ചിലും കാരണം ചൂരൽമല ഭാഗത്തേക്ക് എത്തുന്നത് ദുഷ്‌കരമായി.

ഇതു തരണം ചെയ്ത് വെള്ളിയാഴ്ച രാവിലെ പത്തോടെ തന്നെ സൈന്യത്തിന്റെ സഹായത്തോടെ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഭിലാഷ്, ആർദ്രം നോഡൽ ഓഫിസർ ഡോ. മിഥുൻപ്രകാശ്, ഡോ. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അക്കരെയെത്തി.

ഗർഭിണിയായ യുവതിയെ അടക്കം അടിയന്തര വൈദ്യസഹായം ആവശ്യമായവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 280ഓളം ദുരിതബാധിതരുള്ള വെള്ളാർമല വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു ആദ്യം സഹായമെത്തിച്ചത്. രോഗികളെ പരിശോധിച്ച് മരുന്നുകളും മറ്റും വിതരണം ചെയ്തു.

തുടർന്ന് നീലിക്കാപ്പ് മേഖലയിൽ നിന്നു മാറ്റിപ്പാർപ്പിച്ചവർ താമസിക്കുന്ന ചൂരൽമല ടെലിഫോൺ എക്‌സ്‌ചേഞ്ചിലെത്തി രോഗികളെ പരിശോധിച്ചു. 20 കുടുംബങ്ങളിൽ നിന്നായി 33 പുരുഷന്മാരും 32 സ്ത്രീകളും നാലു കുട്ടികളുമായിരുന്നു ക്യാംപിൽ. 15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞും ആറുമാസം പ്രായമുള്ള ആൺകുട്ടിയും ഇതിലുൾപ്പെടും.

പിന്നീട് പുത്തുമല ഏലവയൽ അംഗൻവാടിയിലെത്തിയ സംഘം, ആശുപത്രിയിലെത്താൻ സാധിക്കാതെ വീടുകളിൽ കഴിയുന്ന നിർധന രോഗികൾക്കും വൈദ്യസഹായമെത്തിച്ചു. ക്യാംപുകളിൽ കഴിയുന്നവരെ പരിശോധിച്ച് മരുന്ന് വിതരണം ചെയ്തു. പ്രളയശേഷമുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകി സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ വിശദീകരിച്ചു.

53 പുരുഷന്മാരും 65 സ്ത്രീകളുമടക്കം 170 ദുരിതബാധിതരാണ് ക്യാംപിലുണ്ടായിരുന്നത്. 30 ആൺകുട്ടികളും 22 പെൺകുട്ടികളും ഇതിലുൾപ്പെടും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ ആര്യയുടെ സേവനവും ഏലവയൽ അംഗൻവാടിയിലെത്തിയ സംഘത്തിനു ലഭിച്ചു.

നിലവിൽ പ്രളയബാധിത മേഖലകളിൽ ആരോഗ്യവകുപ്പിൽ നിന്നുള്ള 75ഓളം ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം കർമനിരതരാണ്. കോഴിക്കോടട് മെഡിക്കൽ കോളേജിൽനിന്നും 10 ഡോക്ടർമാരും സന്നദ്ധസേവനത്തിനു തയ്യാറായ മെഡിക്കൽ സംഘങ്ങളും ഇവർക്കൊപ്പമുണ്ട്. എങ്കിലും പ്രളയബാധിത മേഖലകളിൽ ഇനിയും 30ഓളം ഡോക്ടർമാരുടെയും 60ഓളം പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ആവശ്യമുണ്ട്.