വയനാട് ജില്ലയിൽ രാപകൽ ഭേദമില്ലാതെ രക്ഷാപ്രവർത്തനം തുടരുകയാണ് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി നിലയങ്ങളിലെയും, കോഴിക്കോട് ജില്ലയിലെ വെളളിമാടുകുന്ന്, പേരാമ്പ്ര, മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിൽ നിന്നുമുളള നൂറ്റിനാൽപ്പതിലേറെ ജീവനക്കാർ.

കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് അഗ്‌നിശമന സേനയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്ടിയർ സ്‌കീമിലെ ഇരുന്നൂറോളം അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായുണ്ട്. കൂടാതെ കൊല്ലം, പാലക്കാട് ജില്ലയിൽ നിന്നുമുളള ഫയർ സർവീസ് സേനാംഗങ്ങളെ ജില്ലയിലേക്ക് നിയോഗിച്ചിട്ടുണ്ട്.

കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ അരുൺ അൽഫോൺസ്, വയനാട് ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുദിവസത്തിനകം നൂറ്റി ഇരുപതിലേറെ അടിയന്തിര സഹായ അഭ്യർത്ഥനകൾ കൈകാര്യം ചെയ്ത സേന രണ്ടായിരത്തോളം പേരെ അപകട മേഖലകളിൽ നിന്നും രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മരങ്ങൾ വീണ് പ്രധാന പാതകളിൽ ഉണ്ടായ അറുപതിലേറെ ഗതാഗത തടസ്സങ്ങളും ഇതിനിടയിൽ സേന നീക്കം ചെയ്തു.

മേപ്പാടി പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കിലോമീറ്ററുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു കിടന്ന പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പ്രദേശവാസികൾക്ക് സഹായഹസ്തവുമായി ആദ്യം എത്തിച്ചേർന്നത് കൽപ്പറ്റ നിലയത്തിലെ അഗ്‌നിശമന സേനാംഗങ്ങളാണ്. വീണ്ടും ഉരുൾപൊട്ടലിനുളള സജീവസാധ്യതയുളള അവിടെ ജീവൻ പണയംവെച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

കൂടാതെ മുട്ടിൽ മലയിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട കരിയാത്തൻപാറ കോളനിയിൽ തുടർദുരന്ത സാധ്യതാ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് നടത്തിയ രക്ഷാപ്രവർത്തനത്തിൽ സേന രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. മണിയങ്കോട് സബ് സ്റ്റേഷനു സമീപത്ത് പ്രളയത്തിൽ മുങ്ങിക്കൊണ്ടിരുന്ന വീട്ടിൽ നിന്നും തളർവാതം ബാധിച്ച വൃദ്ധ ഉൾപ്പെടെ 9 പേരെ 2 കിലോമീറ്ററോളം കൂരിരുട്ടത്ത് ഡിങ്കി തുഴഞ്ഞുചെന്ന് അപകടകരമായ വിധത്തിൽ കുത്തൊഴുക്കുളള പുഴ മറികടന്ന് എത്തിയ കൽപ്പറ്റ നിലയത്തിലെ സേനാംഗങ്ങൾ രക്ഷിച്ചത് രാത്രി 3 മണിക്കായിരുന്നു. കൊളവയൽ തൊണ്ടുപാടി ഭാഗത്ത് പ്രളയത്തിൽ അകപ്പെട്ട എഴുപതോളം പേരെ കൽപ്പറ്റ യൂണിറ്റ് രക്ഷപ്പെടുത്തിയിട്ടുളളത് വളരെ സാഹസികമായ ശ്രമഫലമായി കുത്തൊഴുക്കിനു കുറുകെ കെട്ടിയ വടത്തിത്തിലൂടെയാണ്.

ചേകാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരത്തിൽ പിടികിട്ടിയ നാല് യുവാക്കളെ രക്ഷിക്കുവാൻ ഒന്നര കിലോമീറ്ററോളം ഡിങ്കി ചുമന്ന് നടന്നെത്തിയ മാനന്തവാടി നിലയത്തിലെ സേനാംഗങ്ങൾ കുത്തൊഴുക്കിനെ അതിജീവിച്ച മണിക്കൂറുകളോളം നടത്തിയ ശ്രമഫലമായി മരങ്ങൾക്കിടയിൽ വടം കെട്ടി അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. കുറുവ ദ്വീപിനു സമീപം കുത്തൊഴുക്കിൽ അകപ്പെട്ട വീട്ടിനുളളിൽ നിന്നും കിടപ്പിലായ ഒരു രോഗിയെയും വളരെ സാഹസികമായി മാനന്തവാടി യൂണിറ്റ് രക്ഷിച്ചു. കൂടാതെ കോറോം, പലേരി, കുറുവ, കൊയിലേരി, ഊർപ്പളളി ഭാഗങ്ങളിലെല്ലാം തന്നെ ശക്തമായ ഒഴുക്കിനെ നേരിട്ടുകൊണ്ടുളള രക്ഷാപ്രവർത്തനങ്ങളാണ് നടത്തിയത്.

നൂൽപ്പുഴ മാതമംഗലം പണിയ കോളനിയിൽ പ്രളയത്തിൽ മുങ്ങിയ കുടിലിൽ നിന്നും ആറുദിവസം പ്രായമായ കൈക്കഞ്ഞിനെയും അമ്മയെയും സ്ട്രക്ചറിൽ വെച്ചുകെട്ടി വെളളത്തിലൂടെ വളരെ ദൂരം നീന്തിയാണ് സുൽത്താൻബത്തേരി നിലയത്തിലെ സേനാംഗങ്ങൾ രക്ഷിച്ച് ആശപത്രിയിലെത്തിച്ചത്. ചീരാൽ വെളളച്ചാൽ കോളനി നിവാസികളെയും ഇതേ വിധത്തിൽ രക്ഷിക്കുകയുണ്ടായി. പൊൻകുഴി ഭാഗത്ത് പ്രളയത്തിലകപ്പെട്ട ബസ്സിനുളളിൽ നിന്നും 17 പേരെ രക്ഷിക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനം കുത്തൊഴുക്ക് നിമിത്തം അത്യന്തം അപകടകരമായിരുന്നു. മുത്തങ്ങ ഭാഗത്ത് പ്രളയത്തിൽ കുടുങ്ങിയ ലോറിക്കു മുകളിൽ അകപ്പെട്ടവരെ രക്ഷിച്ചു കൊണ്ടുവരുന്നതിനും കിലോമീറ്ററുകളോളം തുഴഞ്ഞുചെന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വയനാട് ജില്ലയുടെ സവിശേഷ ഭൂപ്രകൃതി നിമിത്തം കുത്തൊഴുക്കും ചുഴികളും നിറഞ്ഞ പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ശക്തിയേറിയ എഞ്ചിൻ സഹിതമുളള റബർ ഡിങ്കികൾ മാത്രമാണ് സുരക്ഷിതമായിട്ടുളളത്. മാനന്തവാടി, കൽപ്പറ്റ നിലയങ്ങളിലെ റബർ ഡിങ്കികൾക്കു പുറമെ പ്രളയ സാധ്യത മുന്നിൽ കണ്ട് കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത, പേരാമ്പ്ര നിലയങ്ങളിലെ ഓരോ റബർ ഡിങ്കികളും, കൊല്ലം ജില്ലയിൽ നിന്നുളള ഒരു ഡിങ്കിയും ജില്ലയിലേക്ക് രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ട്.