കുതിര്‍ന്ന മണ്ണില്‍ വലിയ മനുഷ്യ ഇടപെടല്‍ നടത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ജില്ലയിലെ അസഘ്യം ചെറുതും വലുതുമായ അനധികൃത ചെക്ക്ഡാമുകള്‍ ഉയര്‍ത്തുന്ന ഉരുള്‍പൊട്ടല്‍ ഭീഷണി സംബന്ധിച്ച്  മഴക്കെടുതി അവലോകന യോഗത്തില്‍ പൊളിക്കണമെന്ന് നിര്‍ദ്ദേശം വന്നപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കുന്ന കാര്യവും അനധികൃത തടയണയകളുടെ ഭീഷണിയും വീടുകളുടെ സംരക്ഷണഭിത്തികള്‍ തകര്‍ന്നതും ഇടുക്കിയുടെ പ്രത്യേക വിഷയമായി മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് പത്തിന് ചേര്‍ന്ന യോഗത്തിന്റെ നടപടികള്‍ ഒന്നൊന്നായി മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും സര്‍ക്കാര്‍ വകുപ്പുകള്‍ കര്‍മ്മ പദ്ധതി രൂപികരിക്കണമെന്നും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരെല്ലാം ജലജന്യരോഗങ്ങള്‍ക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കണെമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.  ഇന്ന്(12.08.19) പതിനൊന്നിന് ഇന്നലത്തെ യോഗത്തിന്റെ പ്രവര്‍ത്തന പുരോഗതി എല്ലാ ജില്ലാ ഓഫീസര്‍മാരും അറിയിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തള്ളക്കാനം മുതല്‍ ചേലച്ചുവട്് വരെ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് മഴക്കുമുന്‍പേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്നതിന് നോട്ടീസ് നല്‍കിയിരുന്നെന്നും എന്നാല്‍ ആരും മാറാന്‍ കൂട്ടാക്കിയിട്ടില്ലെന്നും ജില്ലാ കല്കടര്‍ യോഗത്തില്‍ പറഞ്ഞു. ഇവരുടെ യോഗം വിളിച്ച് പ്രദേശവാസികളെ വിശ്വാസത്തിലെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ എവിടേയെങ്കിലും അപകടകരമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. കെഎസ്ഇബിയില്‍ പരാതി സ്വീകരിക്കാന്‍ സൗകര്യമൊരുക്കണമെന്നും ഇഎസ്് ബിജിമോള്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയത്തെത്തുടര്‍ന്ന തകര്‍ന്ന പെരിയവരപാലത്തിന് പകരമായി പുതിയപാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. താല്‍ക്കാലികമായി പണിത പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിയത്. എങ്കിലും പാലം ഒലിച്ചുപോയിട്ടില്ല. പാലം കവിഞ്ഞ് വെള്ളമൊഴുകിയതിനാല്‍ ഗതാഗത യോഗ്യമല്ലതായിട്ടേയുള്ളൂ.

ജലനിരപ്പ് താഴ്ന്നാല്‍ ഉടന്‍ പാലം മണ്ണിട്ടു ഉയര്‍ത്തി ഗതാഗതയോഗ്യമാക്കുന്നതിനുള്ള അറ്റകുറ്റപണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പാലത്തിന് സമാന്തരമായി നടപ്പാത സഞ്ചാരയോഗ്യമായുണ്ടെന്നും അവര്‍ പറഞ്ഞു.

ചുരുളിയില്‍ മണ്ണിടിഞ്ഞ് വീണും റോഡ് ഇടിഞ്ഞും  ഗതാഗത തടസ്സമുണ്ടായിരുന്നിടത്ത് ഒറ്റവരി ഗതാഗതത്തിന് യോഗ്യമാക്കിയെന്നും പൊതുമരാമത്ത് വിഭാഗം പറഞ്ഞു. വണ്ടിപ്പെരിയാര്‍ കുമളി ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന അക്കിക്കവല മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തെ പാര്‍ശ്വതോടിന് വീതിയും ആഴവും കൂട്ടിയാല്‍ പ്രശ്‌നം പരിഹരിക്കാനാകുമെന്നും ഇതിന് ഉടന്‍ യോഗം വിളിക്കണമെന്നും ഇ.എസ്.ബിജിമോള്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.

ചുരുളി ഉപദേശിക്കുന്ന് റോഡ്്, ചേലച്ചുവട് പെരിയാര്‍വാലി റോഡ്്, കല്ലിങ്കല്‍പ്പടി പാലം, മങ്ങാട്ടുപടിപാലം, ആയത്തുപാടത്തുപടിപാലം എന്നിവ തകര്‍ന്നിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇവ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.

എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി, ഭക്ഷണം, സുരക്ഷ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍മാര്‍ യോഗത്തെ അറിയിച്ചു. ചിത്തിരപുരത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള സൗകര്യം നാളെ സജ്ജമാകുമെന്ന് ഡിഎംഒ അറിയിച്ചു. എല്ലാ പോലീസ് സ്റ്റേഷനിലും മെഷീന്‍ സോ (യന്ത്രവാള്‍) ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നത് വനം വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് ആര്‍എഫ്ഒ പറഞ്ഞു.മാങ്കുളം കുട്ടമുടികുടിയിലെ 24 കുടുംബങ്ങള്‍ മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിച്ചെന്ന് ഐടിഡിപി ഓഫീസര്‍ അറിയിച്ചു.

അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, എഡിഎം ആന്റണി സ്‌കറിയ, ആര്‍ഡിഒ അതുല്‍ എസ് നാഥ്്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.പി.ജാഫര്‍ഘാന്‍, നാഷണല്‍ ഹൈവേ എ.ഇ അര്‍ജുന്‍ രാജ് കെ, നഗരമ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രത്തന്‍കുമാര്‍, ഡിഎംഒ ഡോ. പ്രിയ എന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.