ശബരിമല: സന്നിധാനത്ത് തിരുമുറ്റത്ത് ഒരു കെടാവിളക്ക് നിത്യവും തെളിഞ്ഞ് പ്രകാശിക്കുന്നുണ്ട്. ശ്രീകോവിലിന് കിഴക്കുവശത്ത് അഗ്‌നികോണിലാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 17 വര്‍ഷംമുമ്പ് നടത്തിയ ദേവപ്രശ്നത്തിലാണ് പൊന്നമ്പലമേടിന് അഭിമുഖമായി തിരുമുറ്റത്ത് കെടാവിളക്ക് സ്ഥാപിക്കാന്‍ വിധിയുണ്ടായത്. പണ്ടുകാലത്ത് ആഴി ഇന്ന് കെടാവിളക്ക് നില്‍ക്കുന്ന സ്ഥലത്തായിരുന്നുവത്രെ. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിലെ ദൈവികസ്ഥാനത്ത് വന്ദിക്കുന്നതിനുവേണ്ടിയാണ് ഇവിടെ ഈ കെടാവിളക്ക് സ്ഥാപിച്ചത്. ശബരിമലയിലെ 18 മലകളിലും ദൈവികസാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. പതിനെട്ടാംപടി കയറി തിരുമുറ്റത്തെത്തുന്ന ഭക്തര്‍ക്ക് കൊടിമരത്തിന് സമീപത്തുനിന്നും ഇടത്തോട്ട് മാറിയാല്‍ ഗജാകൃതിയിലുള്ള കവചവുമായി കെടാവിളക്ക് കാണാം.