പത്തനംതിട്ട ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഹോമിയോപ്പതി വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ടീം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
ആഗസ്റ്റ് ഒന്‍പതു മുതല്‍ 15 വരെയുള്ള കാലയളവില്‍ 64 ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം നല്‍കി. 5360 പേര്‍ക്ക് മരുന്നുകള്‍ നല്‍കിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജു കുമാര്‍ പറഞ്ഞു.
ഡെങ്കിപ്പനി പ്രതിരോധ മരുന്നും ക്യാമ്പുകളില്‍ വിതരണം ചെയ്തു. ഹോമിയോപ്പതി സര്‍ക്കാര്‍ മരുന്ന് നിര്‍മാണ ശാലയായ ഹോംകോയുമായി ബന്ധപ്പെട്ട് നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ ഡിസാസ്റ്റര്‍ റാപ്പിഡ് റെസ്പോണ്‍സ് ഹോമിയോപ്പതിക് മെഡിക്കല്‍ കിറ്റ് തയാറാക്കുകയും ക്യാമ്പുകളില്‍ വിതരണം ചെയ്യുകയും ചെയ്തു.
മൂന്ന് ഓയില്‍മെന്റുകള്‍, രണ്ട് ഓയിലുകള്‍, ഒരു ഐ ഡ്രോപ്പ്, മൂന്ന് അത്യാവശ്യ മരുന്നുകള്‍ എന്നിവയാണ് റാപ്പിഡ് റെസ്പോണ്‍സ് കിറ്റിലുള്ളത്. ഇവ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഒപ്പമുണ്ട്. റിലീഫ് ക്യാമ്പുകളില്‍ ഹോമിയോപ്പതി വകുപ്പിന്റെ സജീവ സേവനം തുടര്‍ന്നു വരുകയാണ്.