ഇ-പോസ് മെഷീനുകള്‍ മാര്‍ച്ചോടെ എല്ലായിടത്തും
വ്യാപാരികള്‍ക്ക് പുതിയ പാക്കേജ് നടപ്പിലാക്കും
ഭക്ഷ്യഭദ്രതാ നിയമത്തിന്റെ എല്ലാവശങ്ങളും നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളിയില്‍ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും സൗജന്യ നിരക്കില്‍ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. റേഷന്‍ കടകള്‍ കമ്പൂട്ടര്‍വത്ക്കരിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. അതിന്റെ ഭാഗമായാണ് ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. മാര്‍ച്ചില്‍ എല്ലാ റേഷന്‍കടകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും.
റേഷന്‍ കടകളില്‍ കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ണമാകുന്നതോടെ റേഷന്‍ വ്യാപാരികള്‍ക്ക് പുതിയ പാക്കേജ് നടപ്പിലാക്കി കൂടുതല്‍ ലാഭകരമായ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകും. എന്നാല്‍ റേഷന്‍ തിരിമറി നടത്തുന്നവരെ കര്‍ശനമായി നേരിടും.
ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ പരിമിതി മറികടക്കാനായി കൂടുതല്‍ പേരെ നിയമിക്കും. 1.55 കോടി റേഷന്‍ ഉപഭോക്താക്കളാണ് സംസ്ഥാനത്താകെയുള്ളത്. ഇവരില്‍ 1.21 ലക്ഷത്തിലധികം രണ്ടു രൂപ നിരക്കില്‍ റേഷനരി കൈപ്പറ്റുന്നുമുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട എല്ലാവരും റേഷന്‍ വാങ്ങുന്നില്ല. ഇത് കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതിനിടയാക് കും. അതുകൊണ്ട് ആവശ്യമില്ലാത്തവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ അധികം വരുന്ന റേഷന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനാകും. ഇതുവഴി കേന്ദ്രവിഹിതം നിലനിറുത്താനുമാകും.
ഇ-പോസ് മെഷീന്‍ വഴിയുള്ള ആദ്യ റേഷന്‍വിഹിതം കരുനാഗപ്പള്ളി സ്വദേശി രാജീവ് മുഖ്യമന്ത്രിയില്‍ നിന്നും കൈപ്പറ്റി. ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായി. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി റേഷന്‍ വിതരണം സുഗമമാക്കാനാകുന്നത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി കെ. രാജു വിശിഷ്ടാതിഥിയായി. എം.എല്‍.എ മാരായ ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി മിനി ആന്റണി, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ എ.പി.എം. മുഹമദ് ഹനീഷ്, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, കേരള ഐ.ടി. മിഷന്‍ ഡയറക്ടര്‍ ശീറാം സാംബശിവ റാവു, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, കരുനാഗപ്പള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ശോഭന, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.