പതിനായിരത്തിലേറെ അപൂര്‍വയിനം വര്‍ണ പുഷ്പങ്ങളും മുപ്പതിനായിരത്തിലേറെ ചെടികളുമായി വസന്തോല്‍സവം 2018 ന് ജനുവരി 7ന് കനകക്കുന്നില്‍ തിരിതെളിയും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന തലസ്ഥാനവാസികളുടെ പ്രിയപ്പെട്ട പുഷ്പമേള- വസന്തോല്‍സവം 2018 ഇത്തവണ വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ നേതൃത്വത്തിലാണ് നടക്കുക. ലോകകേരള സഭയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വസന്തോല്‍സവം ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം ഇന്ന് രാവിലെ 10.30 ന് കനക്കുന്നില്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധിയുടെ സമീപം ഒരുക്കുന്ന പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വസന്തോല്‍സവം സംസ്ഥാനത്തെ ഏറ്റവും വലിയ പുഷ്പമേളയാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നൂള്ള പതിനായിരത്തില്‍പരം പൂക്കള്‍ക്കും മുപ്പതിനായിരത്തില്‍പരം ചെടികള്‍ക്കും പുറമേ കാവുകളുടെ പുനരാവിഷ്‌കാരം, ഗോത്രവര്‍ഗ ഊരുകളുടെ നേര്‍ക്കാഴ്ചകള്‍, വയനാടന്‍ വിത്തുപുര, ശലഭോദ്യാനം, തേനുല്‍പാദന വിപണന സാധ്യതകളുമായി തേന്‍കൂട്, കാര്‍ഷികോല്‍പന്നങ്ങളുടെ പ്രദര്‍ശനം, വനക്കാഴ്ചകള്‍, അക്വാഷോ, കേരളത്തിന്റെ തനതു രുചികളുടെ ഭക്ഷ്യമേള എന്നിവയും മേളയുടെ മാറ്റു കൂട്ടും.
പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് സെന്ററും ഒരുക്കുന്ന ആയിരത്തില്‍പരം ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം വസന്തോല്‍സവത്തിന്റെ പ്രത്യേകതയാണ്.
സസ്യലോകത്തെ അപൂര്‍വതയും വിസ്മയവുമായ ഇരപിടിയിന്‍ സസ്യങ്ങളിലെ പ്രമുഖന്‍മാരായ ഡ്രൊസീറയും നെപ്പന്തസ്സുമടക്കം വിവിധ ജനുസ്സുകള്‍ കാണികള്‍ക്ക് വിസ്മയമാകും. ക്രാഫ്റ്റ്‌സ് വില്ലേജും, ആര്‍ദ്രം, ഹരിതകേരളം, ജീവനം, വിദ്യാഭ്യാസം എന്നീ സര്‍ക്കാര്‍ മിഷന്‍ സ്റ്റാളുകളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഈ മാസം 14ന് സമാപിക്കുന്ന മേളയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേനയാണ്.