കുന്നംകാട്ടുപതി ഗവ.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി  ഉദ്ഘാടനം ചെയ്തു. സ്‌കൂളിനെ യു.പി.സ്‌കൂളായി ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, സ്‌കൂളിലെ മീറ്റിംഗ് ഹാള്‍ നവീകരിക്കാനുള്ള ഫണ്ടുകുടി അനുവദിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റുന്നതിന് ആവശ്യമായ മൂന്ന്  പ്രൊജക്ടറുകളും നാല് ലാപ്ടോപ്പുകളും അനുവദിച്ചിട്ടുണ്ട്. 92 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്രഭാത ഭക്ഷണം നല്‍കാനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് റിട്ടയേര്‍ഡ് അധ്യാപകരെയും രക്ഷിതാക്കളെയും ഉപയോഗിച്ച് ട്യൂഷന്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കി.

സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം നല്‍കിയ പഴനിസ്വാമി കൗണ്ടര്‍ (കണ്ണയ), റിട്ടയേര്‍ഡ് അധ്യാപകരായ നാരായണന്‍ മാസ്റ്റര്‍, രാമസ്വാമി മാസ്റ്റര്‍, ശാന്തകുമാരി ടീച്ചര്‍, ധനലക്ഷമി ടീച്ചര്‍, കുമാര സ്വാമി മാസ്റ്റര്‍ തുടങ്ങിയവരെ പരിപാടിയില്‍ ആദരിച്ചു. തുടര്‍ന്ന് കുന്നംകാട്ടുപതിയിലെ കര്‍ഷകരുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി സംസാരിച്ചു.

കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ബബിത അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മാണ വിഭാഗം (ചിറ്റൂര്‍ തത്തമംഗലം)അസിസ്റ്റന്റ് എഞ്ചിനിയര്‍ ജി.കെ സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെറോസ സജീവ്, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിലാവര്‍ക്കീസ, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വിജയാനന്ദ്, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.കന്ദ സ്വാമി, ചിറ്റൂര്‍ എ.ഇ.ഒ  ജയശ്രീ, ചിറ്റുര്‍ ബി.പി.ഒ മനു ചന്ദ്രന്‍ ഹെഡ്മാസ്റ്റര്‍ എം. സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡണ്ട് വി.നാരായണ്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.