പത്തനംതിട്ടയില്‍ നിന്നുള്ള യുവജന സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രളയബാധിതമായ നിലമ്പൂരില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുകയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ മാടമണ്‍, വടശേരിക്കര എന്നിവിടങ്ങളിലെ സൗഹൃദ കൂട്ടായ്മ, റോട്ടറി ക്ലബ്, പേഴുംപാറ ഒരുമ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നിലമ്പൂരില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയത്.
   മാടമണ്‍ ജ്യോതിസ് ഏജന്‍സീസ് ഉടമ ജിജി തോമസ്, ജിജു ഭവനില്‍ മനോജ്, ജോസി അടിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 16 അംഗ ഇലക്ട്രീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സന്നദ്ധ സേവനത്തിനായി പ്രളയം വിഴുങ്ങിയ നിലമ്പൂരിലെത്തിയത്. ജനറേറ്റര്‍, വയറിംഗ് സാധനങ്ങള്‍, എല്‍ഇഡി ബള്‍ബുകള്‍, വസ്ത്രങ്ങള്‍ സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയെല്ലാം സംഘം കരുതിയിരുന്നു. 15 വീടുകളിലെ വയറിംഗ് പൂര്‍ണമായും അഞ്ചു വീടുകളിലേത് ഭാഗികമായും സംഘം പുനസ്ഥാപിച്ചു.
വീടുകളിലേക്ക് ആവശ്യമുള്ള അവശ്യവസ്തുക്കള്‍ സംഘം വിതരണം ചെയ്തു. നിരവധി വീടുകള്‍ ശുചീകരിച്ച ശേഷമാണ് സംഘം മടങ്ങിയത്. നിലമ്പൂരിനൊരു കൈത്താങ്ങ് യാത്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. മനോജ് ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. ഫാ. ജോജി മാത്യു, ഉഷാകുമാരി മാടമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.