പത്തനംതിട്ട: അടൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍  29 എണ്ണം തീര്‍പ്പാക്കി. ബാക്കിയുളള 28 പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദേശം നല്‍കി. ആകെ 57 പരാതികളാണ് ലഭിച്ചത്.
അടൂര്‍ താലൂക്ക്തല പരാതിപരിഹാര അദാലത്ത് അടൂര്‍ റവന്യൂ ടവറില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്  അലക്‌സ് പി തോമസ് ഉദ്ഘാടനം ചെയ്തു. അടൂര്‍ താലൂക്ക് പരാതിരഹിത താലൂക്കായി മാറ്റുന്നതിന് എല്ലാ ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് എഡിഎം പറഞ്ഞു.
റവന്യു- 26, തദ്ദേശസ്വയംഭരണം- 15, സഹകരണ ബാങ്ക്- മൂന്ന്, കെ എസ് എഫ് ഇ- രണ്ട്, കൃഷി- ഒന്ന്, പട്ടികജാതി വികസന വകുപ്പ്- ഒന്ന്, വനം വകുപ്പ്- ഒന്ന്, കെ എസ് ഇ ബി- ഒന്ന്, കോ- ഓപ്പറേറ്റീവ് സഹകരണ സംഘം- ഒന്ന്, ഡി വൈ എസ് പി- ഒന്ന് , എല്‍ ഐ സി- ഒന്ന്, കേരള ഗ്രാമീണ്‍ ബാങ്ക്- ഒന്ന്, എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്- രണ്ട് എന്ന ക്രമത്തിലാണ് പരാതികള്‍ ലഭിച്ചത്.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ജില്ലയിലെ ഒരു താലൂക്കില്‍ വീതമാണ്  പരാതി പരിഹാര അദാലത്ത് നടത്തുന്നത്. സിഎംഡിആര്‍എഫ്, എല്‍ആര്‍എം കേസുകള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും.
അദാലത്തിന്റെയും, തുടര്‍പ്രവര്‍ത്തനങ്ങളുടെയും നിരീക്ഷണത്തിനായി കളക്ടറേറ്റുകളിലും ആര്‍ഡിഒ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ആവശ്യമായ ജീവനക്കാരെ ഉള്‍പ്പെടുത്തി പിപിഎ സെല്‍ രൂപീകരിച്ചിട്ടുണ്ട്. താലൂക്കിലെ പിപിഎ സെല്ലിന്റെയും അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെയും തുടര്‍നടപടികളുടെ പൂര്‍ണ ഉത്തരവാദിത്വം താലൂക്ക്തല തഹസില്‍ദാര്‍മാര്‍ക്കായിരിക്കും. ഓരോ താലൂക്കിന്റെയും ചുമതല ഓരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഒരു അദാലത്ത് തീയതിക്ക് 15 ദിവസം മുന്‍പ് വരെ ലഭിക്കുന്ന അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും. അദാലത്ത് വേദിയില്‍ ജില്ലാ കളക്ടര്‍ക്കൊപ്പം മറ്റു വകുപ്പുകളിലെ താലൂക്ക്തല ഓഫീസര്‍മാരും പങ്കെടുക്കും. നിരസിക്കുന്ന അപേക്ഷകളില്‍ അപേക്ഷകന് ഉചിതമായ മറുപടി നല്‍കണം. അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ പി ടി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ തഹസില്‍ദാര്‍ എസ് ബീന, എല്‍ആര്‍ തഹസില്‍ദാര്‍ ഒ.കെ ഷൈല, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.