കണ്ണൂർ: അനാമികക്ക് അത് മാന്ത്രിക നിമിഷമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലേക്ക് കുഞ്ഞ് സമ്പാദ്യം ഏല്‍പ്പിക്കുമ്പോള്‍ അവള്‍ക്ക് ഏറെ അഭിമാനം തോന്നി. പഠിച്ചുവരുന്ന മാന്ത്രിക വിദ്യ പ്രദര്‍ശിപ്പിച്ചതിലൂടെ ലഭിച്ച ചെറിയ തുക സ്വരൂപിച്ച് വെച്ചതായിരുന്നു ആ സമ്പാദ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവള്‍ അത് നല്‍കിയത് ഏറെ ചാരിതാര്‍ഥ്യത്തോടൊണ്. വെങ്ങര വെല്‍ഫേര്‍ യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അനാമിക ആറ് മാസമായി മാജിക് പഠിക്കാന്‍ തുടങ്ങിയിട്ട്. സ്വന്തം കൂട്ടുകാര്‍ക്ക് വേണ്ടി വെല്‍ഫേര്‍ സ്‌കൂളിലാണ് ആദ്യമായി മാജിക് അവതരിപ്പിച്ചത്.

തുടര്‍ന്ന് ഏതാനും സ്‌കൂളുകളിലും ഉത്സവ വേദികളിലും പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. അഛന്‍ പ്രദീശന്‍ പാലക്കോട് ബാര്‍ബര്‍ഷോപ്പ് നടത്തുന്നു. വിജയശ്രീയാണ് അമ്മ.
വീട്ടമ്മയായ കണ്ണൂരിലെ ചന്ദ്രലേഖ ഉമേഷ് കയ്യിലെ സ്വര്‍ണവളയാണ് ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രിക്ക് ഊരി നല്‍കിയത്. ക്രോഷ്യ തുന്നല്‍ രീതിയിലൂടെ വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നതിലൂടെ ശ്രദ്ധേയയാണ് ചന്ദ്രലേഖ.