കണ്ണൂർ: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല ഖാദി ഓണം മേളയുടെ ഭാഗമായി സജ്ജീകരിച്ച സില്‍ക്ക് സാരി പവലിയന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര സമരഘട്ടത്തില്‍ ഗാന്ധിജിയുടെ പ്രധാന സമരായുധമായിരുന്നു ഖാദിയെന്ന് മന്ത്രി പറഞ്ഞു.

ഖാദി വസ്ത്രങ്ങളുടെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കാന്‍ പറ്റണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗക്കാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുംവിധം നിരവധി ഖാദി വസ്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് ഓണം മേളയോടനുബന്ധിച്ച്  ജില്ലാടിസ്ഥാനത്തില്‍ നടത്തിയ പ്രതിവാര നറുക്കെടുപ്പിന്റെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചു.

ഓണത്തോടനുബന്ധിച്ച് ഈ വര്‍ഷം ആദ്യമായി പുറത്തിറക്കിയ ഖാദി സില്‍ക്ക് സാരിയുടെ ആദ്യ വില്‍പനയും മന്ത്രി നിര്‍വ്വഹിച്ചു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തനിമ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ച് നിര്‍മ്മിച്ച ഹാഫ് കളര്‍ സെറ്റ് മുണ്ടുകള്‍, വിവിധ തരത്തിലുള്ള ലുങ്കികള്‍, സില്‍ക്ക് സാരികള്‍ എന്നിവയും മേളയിലുണ്ട്.

സില്‍ക്ക് സാരിയില്‍ തന്നെ വൈവിധ്യമാര്‍ന്ന മൈലാപ്പട്ട്, കാന്താ, വാരണാസി, പയ്യന്നൂര്‍ പട്ട് സാരി, ടസ്സര്‍, ജെറി സില്‍ക്ക്, ത്രീഡി, പ്രിന്റഡ് സില്‍ക്ക്, ജൂട്ട് സില്‍ക്ക്, ടി എന്‍ ആര്‍ സാരീസ് തുടങ്ങിയവയും 30 ശതമാനം റിബേറ്റോടെ മേളയില്‍ ലഭിക്കും. കാവി മുണ്ടുകള്‍, ബെഡ്ഷീറ്റ്, റെഡിമെയ്ഡ് ഖാദി ഷര്‍ട്ടുകള്‍, കോട്ടണ്‍- പോളി തുണിത്തരങ്ങള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും വില്‍പ്പനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 10 ന് മേള സമാപിക്കും.

ഖാദി ബോര്‍ഡ് അംഗം കെ ധനഞ്ജയന്‍, പയ്യന്നൂര്‍ ഖാദി ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, പ്രൊജക്ട് ഓഫീസര്‍ എന്‍ നാരായണന്‍, അക്കൗണ്ട് ഓഫീസര്‍ കെ വി രാജേഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസമാരായ ഇ രാജീവന്‍, കെ വി ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.