ശബരിമല: ശബരിമലക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മകരവിളക്ക് ജനവരി 14ന് നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ്‌മോഹനര് പറഞ്ഞു. ശബരിമലക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. അതോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകള്‍ 12, 13 തിയ്യതികളില്‍ നടക്കും. 12ന് പ്രസാദശുദ്ധി, 14ന് ബിബംശുദ്ധി ക്രിയകള്‍ എന്നിവ നടക്കും. 14ന് ഉച്ചയ്ക്ക് 1.47നാണ് മകരസംക്രമം. ധനുരാശി മകരം രാശിയിലേയ്ക്ക് കടക്കുന്ന മുഹൂര്‍ത്തം. ആ സമയത്താണ് മകരസംക്രമപൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന നെയ്യ്‌തേങ്ങ സംക്രമസമയത്ത് ഉടച്ച് അഭിഷേകം ചെയ്യും. വൈകീട്ട് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. മകരവിളക്ക് മറ്റ് ദിവസങ്ങളില്‍ പൂജാക്രമങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് തന്ത്രി പറഞ്ഞു.
വ്രതമെടുത്ത് ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി അയ്യപ്പസ്വാമി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ശുദ്ധമായ നെയ്യ് അഭിഷേകത്തിന് കൊണ്ടുവരണമെന്ന് ശബരിമലക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ്‌മോഹനര് പറഞ്ഞു. മെഴുകുപോലെയുള്ള മായം കലര്‍ന്ന നെയ്യ് പൂര്‍ണമായും ഒഴിവാക്കണം. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യാണ് അഭിഷേകം ചെയ്യുന്നത്. അത് പരിശുദ്ധമായിരിക്കണം. ശബരിമല ദര്‍ശനത്തിനുവരുന്ന അയ്യപ്പഭക്തര്‍ 41 ദിവസത്തെ വ്രതം കര്‍ശനമായി പാലിക്കണം. ഇവിടെയിരിക്കുന്ന പ്രതിഷ്ഠാമൂര്‍ത്തിയായ അയ്യപ്പസ്വാമിയെ കാണാനുള്ള യോഗ്യത ഇങ്ങനെ വ്രതമെടുക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്ന് തന്ത്രി പറഞ്ഞു.
പുണ്യസന്നിധാനത്ത് വന്നെത്തുന്ന വ്രതമെടുത്ത ഭക്തര്‍ തിക്കും തിരക്കും വരുമ്പോള്‍ സംയമനം പാലിച്ച് സ്വയം നിയന്ത്രിക്കാന്‍ തയ്യാറകണമെന്ന് തന്ത്രി കണ്ഠരര് മഹേഷ്‌മോഹനര് പറഞ്ഞു. സന്നിധാനത്തുള്ള സമയംമുഴുവനും വളരെ സമാധാനം പാലിക്കണം. ചിലരെങ്കിലും ആത്മസംയമനം കാണുന്നില്ല. എല്ലാവരും സമാധനത്തിന് മുതിര്‍ന്നാല്‍ സുഖദര്‍ശനത്തിനും പ്രസാദം എല്ലാവര്‍ക്കും ലഭിക്കുന്നതിനും സാധിക്കുമെന്ന് തന്ത്രി പറഞ്ഞു.