സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന വിധമുള്ള പൊലിസിന്റെ പുതിയ മുഖം മാറിയ കാലഘട്ടത്തില്‍ പ്രധാനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം സിറ്റി പൊലിസ്‌ ഓഫീസിന്‌ കിട്ടിയ ഐ.എസ്‌.ഒ. 9001:2015 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും ജനമൈത്രി ഭവനസന്ദര്‍ശന പ്രഖ്യാപനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കാലം മാറിയിട്ടും സ്വയം മാറില്ല എന്ന ചിന്തയുള്ള ചിലര്‍ പൊലിസിലുണ്ട്‌. അവര്‍ ആ രീതി ഉപേക്ഷിക്കണം. ക്രമവിരുദ്ധമായി പെരുമാറുന്നവര്‍ക്ക്‌ നേരം ക്രമവിരുദ്ധമായി പെരുമാറാന്‍ അവകാശമില്ലെന്നോര്‍ക്കണം. അങ്ങനെ പെരുമാറുന്നവര്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും. തെറ്റായ പ്രവര്‍ത്തനരീതി സേനയ്‌ക്കാകെ ദുഷ്‌പേരുണ്ടാക്കും. എന്നാല്‍ കുറ്റകൃത്യത്തെ കുറ്റകൃത്യമായി കണ്ട്‌ നടപടിയെടുക്കണം.
ജനങ്ങളുമായി അടുത്തിടപഴകുന്നത്‌ ഉറപ്പാക്കാനാണ്‌ ജനമൈത്രി പൊലിസ്‌ ശ്രമിക്കുന്നത്‌. അതു കൊണ്ട്‌ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളും ജനമൈത്രി സംവിധാനത്തിലേക്ക്‌ മാറുകയാണ്‌. പൊലിസിന്റെ സേവനാത്മകതയ്‌ക്ക്‌ കൂടി പ്രാധാന്യം നല്‍കുകയാണിപ്പോള്‍.
സ്‌ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ഏറ്റവും പ്രധാനമാണ്‌ നിര്‍ഭയ പദ്ധതി. ഫലപ്രദമായ സുരക്ഷയൊരുക്കാന്‍ ഏര്‍പ്പെടുത്തിയ പിങ്ക്‌പൊലിസ്‌ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയുമാണ്‌. ക്രമസമാധാനം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹ്യ ഉത്തരാവദിത്തം കൂടി നിറവേറ്റുന്ന വിധത്തിലേക്ക്‌ മാറുകയാണ്‌ പൊലിസ്‌ സംവിധാനം.
മികച്ച പ്രവര്‍ത്തനത്തിലൂടെ ഐ. എസ്‌. ഒ. സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയ ജില്ലാ പൊലിസ്‌ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. സംസ്ഥാനത്ത്‌ ആദ്യമായി ഈ അംഗീകാരം നേടിയ കൊല്ലത്തിന്റെ മാതൃക മറ്റെല്ലാ ജില്ലകളും പിന്തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സേവനമികവിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയരാന്‍ സേനയ്‌ക്ക്‌ കഴിയും.
കേരളത്തിലെ സ്റ്റുഡന്റ്‌ പൊലിസ്‌ സംവിധാനം രാജ്യത്തിന്‌ തന്നെ മാതൃകയാണെന്നും അത്‌ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. രാജ്യത്തെ 10 മികച്ച പൊലിസ്‌ സ്റ്റേഷനുകളിലൊന്നും കേരളത്തിലാണെന്ന്‌ അംഗീകരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്‌ത്രീകളോടും കുട്ടികളോടുമുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ഭയ പദ്ധതിക്കാകുമെന്നും അധ്യക്ഷയായ ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
നിര്‍ഭയ പദ്ധതിയുടെ ഉദ്‌ഘാടനം ചലച്ചിത്ര നടി മഞ്‌ജു വാര്യര്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായ വേതന വിതരണവും നടത്തി.
എം. എല്‍. എ മാരായ എം. മുകേഷ്‌, എം. നൗഷാദ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജഗദമ്മ, സിറ്റി പൊലിസ്‌ കമ്മിഷണര്‍ എസ്‌. അജിതാബേഗം, സംസ്ഥാന വനിതാ കമ്മിഷനംഗം ഷാഹിദ കമാല്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍മാരായ എ. ജി. സന്തോഷ്‌, ആര്‍. ബീന, പൊലിസ്‌ ഉദ്യോഗസ്ഥര്‍, എസ്‌. പി. സി. കെഡറ്റുകള്‍, നിര്‍ഭയ വോളന്റിയേഴ്‌സ്‌, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.