കാസര്‍കോട് – മഞ്ഞപ്പിത്തം കൂടുതലായി പടര്‍ന്നുപിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം )അറിയിച്ചു.ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധിയായ കരളിനെ ബാധിക്കുന്ന രോഗമായതിനാല്‍ കരുതലോടെയുള്ള ചികിത്സയും പരിചരണവും അത്യാവശ്യമാണ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുക എന്നിവ മഞ്ഞപ്പിത്തത്തിന്റെ മുഖ്യ ലക്ഷണങ്ങളാണ്. രോഗമുള്ള ആളുടെ വിസര്‍ജ്യ വസ്തുക്കളാല്‍ ഭക്ഷണ പദാര്‍ത്ഥമോ കുടിവെള്ളമോ മലിനീകരിക്കപ്പെടുമ്പോള്‍ രോഗം പടര്‍ന്നു പിടിക്കുന്നു. വിദ്യാലയങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, സദ്യ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മതിയായ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളും അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തി രോഗസാധ്യത കുറയ്ക്കാം. മികച്ച വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിച്ചാല്‍ രോഗ സാധ്യത ഇല്ലാതാക്കാം. മഞ്ഞപ്പിത്ത രോഗത്തിന്റെ വൈവിധ്യം കാരണം അവയെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സക്ക് വിധേയരാകണം
നിര്‍ദേശങ്ങള്‍
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക
•ഭക്ഷണ സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്.
• വിരുന്ന് സല്‍ക്കാരത്തിനായി തയ്യാറാകുന്ന ഭക്ഷണം, മറ്റ് ശീതളപാനീയങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിന് അണുവിമുക്തമാക്കിയ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
•വഴിയോരങ്ങളില്‍ നിന്നും സുരക്ഷിതമല്ലാത്ത രീതിയില്‍ തയ്യാറാകുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക
•ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവ ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുകയും ഉപയോഗിക്കുന്ന വെള്ളം അണുവിമുക്തമാകുകയും ചെയ്യുക.
•ഭക്ഷണത്തിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
• മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുക.
•കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതിരിക്കുക; അണുനശീകരണം നടത്തുക.
•മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക; മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
•കിണറിന് ചുറ്റുമതില്‍ കെട്ടുക; കിണര്‍ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ് ചെയ്യുക. ബ്ലീച്ചിങ് പൗഡറും സാങ്കേതിക സഹായവും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും ലഭ്യമാണ്.
•മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടുക.