വ്യാപാരികള്‍ക്കും ചെറുകിട സംരംഭകര്‍ക്കും പ്രളയപുനരധിവാസ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും
കൊച്ചി: പ്രകൃതിദുരന്തങ്ങള്‍ ഏറിവരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാസയോഗ്യവും അല്ലാത്തതുമായ ഭൂമി വേര്‍തിരിക്കാന്‍ ഉടന്‍തന്നെ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലൈഫ്, റീബില്‍ഡ് കേരള പദ്ധതികളിലുള്‍പ്പെടുത്തി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വശത്ത് ഉരുള്‍പൊട്ടലാണെങ്കില്‍ മറുവശത്ത് കടല്‍ കയറിവരികയാണ്. കടലാക്രമണവും പെരുകുന്നു. ഇതുസംബന്ധിച്ച് ദേശീയ- അന്താരാഷ്ട്ര വിദഗ്ധരെക്കൊണ്ട് പഠനം നടത്തും. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വേഗത്തിലും കാര്യക്ഷമമായും ചെയ്യാന്‍ കഴിയണം. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവര്‍ പങ്കാളികളാവും വിധം ഇക്കാര്യത്തില്‍ നാടൊന്നിച്ചു നില്‍ക്കണം. നമുക്ക് ദുരന്തം അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് കഴിഞ്ഞ പ്രളയത്തില്‍ തെളിഞ്ഞതാണ്. ജാതി മത ഭേദമില്ലാതെ എല്ലാവരും സഹോദരങ്ങളായിരിക്കുന്ന നാടിനുമാത്രമേ അത്തരത്തില്‍ ഒരുമയും സ്‌നേഹവും പങ്കുവെയ്ക്കാനാവൂ. ദുരന്തമേറ്റുവാങ്ങേണ്ടിവന്ന കുടുംബങ്ങളെ കരകയറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
വ്യാപാരികള്‍ക്കും ചെറുകിടസംരംഭകര്‍ക്കും പ്രളയദുരിതാശ്വാസമായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് ദേശീയതലത്തില്‍ മാനദണ്ഡമുണ്ട്. എന്നാല്‍ ഇത്തവണ അത്തരത്തില്‍ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ല. വ്യാപാരി- ചെറുകിടസംരംഭക ക്ഷേമത്തിനായി എന്തു ചെയ്യാനാകുമെന്ന് കണ്ടെത്താന്‍ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചുകഴിഞ്ഞു. സമിതി യോഗം ചേരുകയും ചെയ്തു.
ഒന്നിച്ചുനിന്നാല്‍ അതിജീവിക്കാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വടക്കേക്കര എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റവുമധികം ദുരിതമേറ്റുവാങ്ങേണ്ടിവന്ന പ്രദേശങ്ങളിലൊന്ന്. അവിടെ ലൈഫ്, റീബില്‍ഡ് കേരള പദ്ധതികളിലായി 514 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ അദ്ദേഹം അഭിന്ദിച്ചു.
വടക്കേക്കര ഗ്രാമപഞ്ചായത്തിന് സമയബന്ധിത സേവന- ഗുണമേന്മക്കുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന്റെ പ്രഖ്യാപനം ഹൈബി ഈഡന്‍ എംപി നടത്തി. കുടുംബശ്രീ സിഡിഎസ്സുകള്‍ക്കുള്ള പുരസ്‌കാരവിതരണം ജില്ലാ കളക്ടര്‍ എസ്.സുഹാസും പ്രളയപുനര്‍നിര്‍മാണത്തില്‍ സഹകരിച്ച ബാങ്കുകള്‍ക്കുള്ള പുരസ്‌കാരവിതരണം എസ്.ശര്‍മ എംഎല്‍എയും നിര്‍വ്വഹിച്ചു.
വി.ഡി.സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ.ഷിബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.ആംബ്രോസ്, ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷൈല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, എറണാകുളം പഞ്ചായത്ത് ഡെ.ഡയറക്ടര്‍ കെ.വി.മാലതി, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, ഗ്രാമപഠ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ജിഷ, പറവൂര്‍ തഹസില്‍ദാര്‍ എം.എച്ച്.ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.