കൊച്ചി: പ്രളയ പുന:നിർമ്മാണത്തിൽ സമൂഹത്തിന്റേത് മാതൃകാപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വല്ലാര്‍പാടത്തെ രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ പ്രളയബാധിതര്‍ക്കായി ഡി.പി വേള്‍ഡ് നിര്‍മിച്ച 50 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

മഹാപ്രളയത്തിൽ നാടിന്റെ ഏകോപനത്തിലൂടെ അനേകരെ രക്ഷപ്പെടുത്താൻ സാധിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അതിസാഹസികമായി മരണവക്കിൽ നിന്ന് അനേകമാളുളെ രക്ഷപ്പെടുത്തി. കാലവർഷം കനത്താൽ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല . തോടുകളും കൈത്തോടുകളും നികത്തപ്പെട്ടു. നദികൾ പുനരുജ്ജീവിപ്പിക്കുന്നത് ശാസ്ത്രീയ സമീപനം വേണം . വെള്ളം കയറുന്നത് മൂലം ആപത്ത് സംഭവിക്കാൻ സാധ്യതയുള്ള പ്രദേശത്ത് നിന്ന് ജനങ്ങങ്ങളെ മാറ്റി പാർപ്പിക്കണം. കൂടാതെ ഉരുൾപൊട്ടൽ മലയിടിച്ചിൽ സാധ്യതാ പ്രദേശങ്ങളെയും താമസയോഗ്യവും അല്ലാത്തതുമായ പ്രദേശങ്ങളെയും കണ്ടെത്താൻ ശാസ്ത്രീയ പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ സമയത്തെ ഒരുമയും ഐക്യവും ലോക ശ്രദ്ധ നേടി. നാടിന്റെ പുനർനിർമ്മാണ പ്രവർത്തനം അതിവേഗം നടന്ന് കൊണ്ടിരിക്കുകയാണ് . ഐക്യരാഷ്ട്ര സംഘടനാ ഏജൻസി നടത്തിയ പഠനത്തിൽ 31,000 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത് . എന്നാൽ യഥാർത്ഥ നഷ്ടം ഇതിലും വലുതാണ്. പ്രളയ പുന:നിർമ്മാണ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോകുമ്പോഴാണ് ശക്തമായ കാലവർഷക്കെടുതി നേരിടേണ്ടി വന്നത്. ഉരുൾപൊട്ടലിലും മലയിടിച്ചിലിലും പലരുടെയും ജീവൻ നഷ്ടപ്പെടുകയും നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ദുരന്ത സഹായ നിധി നൽകുന്നത് അഖിലേന്ത്യാ മാനദണ്ഡപ്രകാരമാണ്. അതിൽ വ്യാപാരി ചെറുകിട വ്യവസായികൾക്ക് സഹായം നൽകാൻ വ്യവസ്ഥയില്ല. എന്നാൽ ഇവർക്ക് സഹായം നൽകുന്നതിനു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപസമിതിയുടെ ശുപാർശ ലഭിക്കുന്നതിനനുസരിച്ച് സർക്കാർ നടപടി സ്വീകരിക്കും. ദുരന്തത്തിനിരയായ എല്ലാവർക്കും സംസ്ഥാനത്തിന്റെ ശേഷിക്ക് അനുസരിച്ച് സർക്കാർ സഹായവും സംരക്ഷണവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്നീ എൻജിഒ സംഘടനകളുടെ സാമൂഹിക നിർമ്മാണ പങ്കാളിത്തത്തോടെയാണ് ഡിപി വേൾഡ് പ്രളയത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട 50 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകിയത്.

തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം പി വിശിഷ്ടാതിഥിയായിരുന്നു. എംഎൽഎമാരായ എസ് ശർമ, വി. ഡി സതീശൻ, കെ.ജെ മാക്സി , ജോൺ ഫെർണാണ്ടസ്, ജില്ലാ കളക്ടർ എസ് സുഹാസ് , വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോൺ ഡെവലപ്മെൻറ് കമ്മീഷണർ ഡി. വി. സ്വാമി, സെൻട്രൽ ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു , കൊച്ചിൻ കസ്റ്റംസ് കമ്മീഷണർ മുഹമ്മദ് യൂസഫ് , ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഡിസാസ്റ്റർ റിസ്ക് റീഡക്ഷൻ ആന്റ് റെസ്പോൺസ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ പോൾ, ഡിപി വേൾഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രവീൺ തോമസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു