ഇടുക്കി: ജില്ലാ കുടുംബശ്രീ മിഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന എറേസ് പദ്ധതി പ്രകാരം വയറിംഗ് പരിശീലനം ലഭിച്ച വെള്ളത്തൂവല്‍ പഞ്ചായത്തിലെ 31 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയംപര്യാപ്തരായി മുമ്പോട്ട് പോകുന്നതിനും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള സഹായമെന്ന നിലയിലാണ് ബ്ലോക്ക്തലത്തില്‍ പരിശീലനം നല്‍കുന്നത്. ഗ്രാമനികേതന്‍ എന്ന ഏജന്‍സിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പരിപാടിയുടെ തുടര്‍ച്ചയായാണ് വെള്ളത്തൂവലിലും പരിശീലനം ആസൂത്രണം ചെയ്തത്. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സന്തോഷ് നിര്‍വ്വഹിച്ചു. പരിശീലനം ലഭിച്ചവര്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനം നടത്തുന്നത്. വയറിംഗ് ജോലികള്‍ക്ക് പുറമേ പ്ലബിംഗ് ജോലികളിലും പിന്നീട് പരിശീലനം നല്‍കും. പരിപാടിയില്‍ ഗ്രാമനികേതന്‍ സെക്രട്ടറി നോബി മാത്യു, കുടുംബശ്രീ കോഡിനേറ്റര്‍മാരായ വിനീത, രമ്യാ, നിഷ, രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
