ലോക കേരള സഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പുഷ്പമേള വരും വര്‍ഷങ്ങളിലും തുടരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കനകക്കുന്ന് കൊട്ടാര വളപ്പില്‍ നടന്ന വസന്തോത്സവം 2018 ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുഷ്പമേള നടക്കുന്ന ദിവസങ്ങള്‍ ടൂറിസം കലണ്ടറിലെ പ്രധാന ദിനങ്ങളാകുന്ന തരത്തില്‍ രാജ്യാന്തര വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കും വിധം മികച്ച നിലവാരത്തിലായിരിക്കും വസന്തോത്സവം സംഘടിപ്പിക്കുക. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും സ്ഥാപനങ്ങളെയും ഒന്നിച്ച് ചേര്‍ത്ത് ഇക്കാലയളവില്‍ സഞ്ചാരികളെയാകെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ പുഷ്പമേളയുടെ ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രസ്താവന ഹര്‍ഷാരവത്തോടെയാണ് തലസ്ഥാന ജനത സ്വീകരിച്ചത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പുഷ്പമേളയുടെ ഉദ്ഘാടന ദിനത്തില്‍ തന്നെ മികച്ച പ്രതികരണമാണ് കാണികളില്‍ നിന്ന് ലഭിക്കുന്നത്.