കാക്കനാട്: ഐരാപുരം സി.ഇ.റ്റി കോളജിൽ അധ്യാപികമാരടക്കമുള്ള മുൻ ജീവനക്കാർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് വനിതാ കമ്മീഷൻ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ കോളജിലെ അറുപതോളം മുൻ ജീവനക്കാർ നൽകിയ പരാതി പരിഗണിച്ച ശേഷമാണ് കമ്മീഷന്റെ നിർദ്ദേശം. സ്വാശ്രയ മാനേജ്മെൻറുകളുടെ ഇത്തരം ചൂഷണം അംഗീകരിക്കാൻ കഴിയില്ല. ജോലിക്കായി കോടിക്കണക്കിന് രൂപയാണ് മാനേജ്മെന്റ് നിയമ വിരുദ്ധമായി കൈപറ്റിയത്. ഈ പരാതിക്കാർക്ക് ശമ്പളവും കോഷൻ ഡെപ്പോസിറ്റും തിരിച്ചു നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇവർ കോളജ് കവാടത്തിൽ സമരമാരംഭിച്ചിരിക്കുകയാണ്. പ്രശ്നത്തിൽ വിദ്യാഭ്യാസ വകുപ്പും അടിയന്തിര ഇടപെടൽ നടത്തണം – കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
സുഹൃത്തിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി നൽകിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടർന്ന് കമ്മീഷൻ പരാതിക്കാരിയെ ശാസിച്ചു. പുരുഷന്മാരെ വ്യാജ പരാതികൾ നൽകി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. ഓട്ടിസം ബാധിച്ച മകനും തനിക്കും അവകാശപ്പെട്ട വീട് ഭർത്താവ് ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് 23 ന്  കമ്മീഷൻ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചു. യുവതി പലവട്ടം പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം. ഭർത്താവിന്റെ മരണത്തോടെ അനാഥയായ രണ്ടാം വിവാഹത്തിലെ ഭാര്യ അവകാശം തേടി കമ്മീഷനിലെത്തി. ഉണ്ടായിരുന്ന സ്വത്തുക്കൾ ഭർത്താവ് ആദ്യ വിവാഹത്തിലെ മകന്റെ പേരിൽ എഴുതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പരാതിക്കാരിയോട് മനുഷ്യത്വ പൂർണ്ണമായ സമീപമനം കൈ കൊണ്ട് ഒരു സെന്റ് ഭൂമിയെങ്കിലും നൽകണമെന്ന കമ്മീഷൻ നിർദ്ദേശം മകൻ ചെവികൊണ്ടില്ല. ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായതുമില്ല.  ഇതിനായി പോലീസ് സഹായം തേടാൻ കമ്മീഷൻ തീരുമാനിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് 4 പരാതികളാണ് ഇന്നലെ മാത്രം കമ്മീഷൻ മുമ്പാകെ വന്നത്. യാതൊരു ഗൗരവവുമില്ലാത്ത ഇത്തരം പരാതികൾ നിരുത്സാഹപ്പെടുത്തണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
വനിത കമ്മീഷൻ അദാലത്തിനെത്തിയ പരാതിക്കാരെ തിരിച്ചറിയുന്ന വിധത്തിൽ പത്രങ്ങളിൽ ചിത്രവും വാർത്തയും പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കമ്മീഷൻ മുമ്പാകെ ഹാജരായി വിശദീകരണം നൽകി.
ആകെ 105 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 18 എണ്ണം തീർപ്പാക്കി. 9 എണ്ണം റിപ്പോർട്ടിനായി മാറ്റി. 78 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ, അംഗം അഡ്വ.ഷിജി ശിവജി, ഡയറക്ടർ വി.യു.കുര്യാക്കോസ്, അഭിഭാഷകരായ സ്മിത ഗോപി, അലിയാർ, യമുന, ഖദീജ, സിവിൽ പോലീസ് ഓഫീസർമാരായ പ്രീതി, ഷിജി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.