കേരള സ്‌പേസ് പാർക്കിൽ, ഏറോസ്‌പേസ്-സ്‌പേസ് മേഖലകളിൽ വരാൻ പോകുന്ന സംരംഭങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 22 ഏക്കർ സ്ഥലത്ത് തുടങ്ങാൻ തീരുമാനിച്ച കേരള സ്‌പേസ് പാർക്കിനെ സംബന്ധിച്ചാണ് പ്രധാനമായും ഇരുവരും സംസാരിച്ചത്.

ബഹിരാകാശ എറോസ്‌പേസ് മേഖലക്ക് വരും കാലങ്ങളിൽ വലിയ സാധ്യതയുള്ളതിനാൽ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തിൽ വലിയ മനുഷ്യശക്തിയുള്ള കേരളത്തിന് ഇത് ഉപയോഗപ്പെടുത്താനാകുമെന്ന് രാകേഷ് ശർമ്മ പറഞ്ഞു.

ഐ.എസ്.ആർ.ഒയുടെ ഏറ്റവും പ്രധാന സ്ഥാപനങ്ങളായ വി.എസ്.എസ്.സി, എൽ.പി.എസ്.സി, ഐ.ഐ.എസ്.യു, ഐ.ഐ.എസ്.ടി എന്നിവ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ് എന്നതും കേരള സ്‌പേസ് പാർക്കിന്റെ വികസനത്തിന് സഹായകമാകുമെന്നാണ്  സർക്കാർ കരുതുന്നത്.

ഏറോസ്‌പേസിനാവശ്യമായ സങ്കീർണമായ പല ഉപകരണങ്ങളും ഘടകങ്ങളും താരതമ്യേന കുറഞ്ഞ ചെലവിൽ ഇവിടെ ഉത്പാദിപ്പിക്കാനായാൽ കയറ്റുമതി സാധ്യതയും ഉണ്ടാകും. ലോകോത്തര ഗുണമേ• നിലനിർത്തുന്ന ഉപകരണങ്ങളിലൂടെ ഏറോസ്‌പേസ് മാർക്കറ്റിൽ നമുക്ക് മത്സരിക്കാനുമാകും.

ഈ മേഖലയിലേക്ക് സംരംഭകരെ ആകർഷിക്കുക വഴി അഭ്യസ്തവിദ്യരായ നിരവധിപേർക്ക് തൊഴിലവസരം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ധാരണാപത്രം ഐ.എസ്.ആർ.ഒയുമായി സർക്കാർ ഒപ്പിട്ടുകഴിഞ്ഞു.

ബഹിരാകാശ യാത്രയ്ക്കിടെ എട്ടു ദിവസം സ്‌പേസിൽ കഴിഞ്ഞപ്പോഴുണ്ടായ രസകരമായ അനുഭവങ്ങൾ മുഖ്യമന്തിയുമായി രാകേഷ് ശർമ്മ പങ്ക് വെച്ചു.

കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം.സി. ദത്തൻ, സെക്രട്ടറി എം. ശിവശങ്കർ, സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ്, വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ്, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി  (ഐ.ഐ.എസ്.ടി) ഡയറക്ടർ ഡോ. വി.കെ. ദത്ത് വാൾ, ഐ.ടി. മിഷൻ ഡയറക്ടർ ഡോ. എസ്. ചിത്ര, കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി ജയശങ്കർ എന്നിവർ പങ്കെടുത്തു.