കൂറ്റന്‍ പാറ പിളര്‍ന്ന് അപകടാവസ്ഥയിലായ എട്ടിക്കുളം കക്കംപാറയില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സന്ദര്‍ശനം നടത്തി. കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുന്നിന്‍ ചെരുവില്‍ താമസിക്കുന്ന ഏഴ് കുടുംബങ്ങളെ അവിടെ നിന്നും മാറ്റിത്താമസിപ്പിച്ചു. അപകടകരമായ സ്ഥിതിയിലാണ് പാറയുടെ നില്‍പ്പെന്ന് സന്ദര്‍ശന ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു. പാറകള്‍ക്കിടയിലെ വിടവ് കൂടിവരുന്നതായാണ് മനസ്സിലാവുന്നത്. ഏത് നിമിഷവും താഴോട്ട് പതിച്ചേക്കാവുന്ന നിലയില്‍ അടര്‍ന്നു നില്‍ക്കുകയാണത്. ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അവരെ പ്രദേശത്തു നിന്നും മാറ്റിത്താമസിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്ന് നാലു കുടുംബങ്ങളെ പാലക്കോട്ടുള്ള ഒരു വീട്ടിലും രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലുമായാണ് താമസിപ്പിച്ചിരിക്കുന്നത്. മൂന്ന് കുടുംബങ്ങള്‍ താല്‍ക്കാലികമായി ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണ്.
രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന്‍, വില്ലേജ് ഓഫീസര്‍ പി സുധീര്‍ കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. 200 മീറ്ററിലേറെ നീളത്തില്‍ പാറ കുന്നില്‍ നിന്ന് അടര്‍ന്ന് പാലക്കോട് കടലോരത്തെ ഓലക്കാല്‍ പ്രദേശത്തേക്ക് നിലംപതിക്കാറായ സ്ഥിതിയിലാണുള്ളത്. കടല്‍ ശാന്തമാണോ എന്നറിയാന്‍ വ്യാഴാഴ്ച കുന്നിന്‍ മുകളില്‍ കയറിയ മത്സ്യത്തൊഴിലാളികളാണ് ഇത് ആദ്യമായി കണ്ടത്. ഇവര്‍ സംഭവം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച തന്നെ സ്ഥലം സന്ദര്‍ശിച്ച ജിയോളജിസ്റ്റ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണ് മഴയില്‍ കുതിര്‍ന്നു കിടക്കുന്നതിനാല്‍ വിണ്ടുകീറിയ പാറ ഇപ്പോള്‍ പൊട്ടിച്ചു മാറ്റുക പ്രയാസമാണെന്നും മണ്ണ് ഉണങ്ങിയതിനു ശേഷം മാത്രമേ ഇത് സാധിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.
