കൊച്ചി : തൊഴിലിനും ഉന്നതപഠനത്തിനും നഗരത്തിലെത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സുരക്ഷിത കൂടൊരുക്കാൻ മൾട്ടിപർപ്പസ് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായി. സെപ്റ്റംബർ 2 വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫോർഷോർ റോഡിൽ പട്ടികവർഗ്ഗ വികസന വകുപ്പ് നിർമ്മിച്ചിരിക്കുന്ന മൾട്ടിപർപ്പസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും.
പട്ടികവർഗ്ഗക്കാരായ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്കാണ് മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെ പ്രയോജനം ലഭിക്കുക.
100 പെൺകുട്ടികൾക്കുള്ള താമസ സൗകര്യമാണ് ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത്. 6 ഡോർമെറ്ററികൾ, ബാത്റൂം, ലൈബ്രറി, സ്റ്റഡി ഹാൾ, റീഡിങ് റൂം, ഗസ്റ്റ് റൂം, സിക്ക് റൂം, വിസിറ്റേഴ്സ് ലോഞ്ച്, ഓഫീസ് റൂം, ഡൈനിങ് ഹാൾ , അടുക്കള എന്നീ സൗകര്യങ്ങൾ ഹോസ്റ്റലിലുണ്ട്
പട്ടികവർഗ്ഗ പോസ്റ്റ് മെട്രിക് വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ ഫീസില്ല . നിലവിൽ വിവിധ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 10 ശതമാനം സംവരണം ലഭിക്കുന്നുണ്ട്.
കേന്ദ്രസർക്കാർ 667.898 ലക്ഷം രൂപ അനുവദിച്ചതിൽ 333.95 ലക്ഷം രൂപ ലഭിച്ചു. ഈ തുകയ്ക്ക് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ 10,12,96,427 രൂപയുടെ ഭരണാനുമതി നൽകി. കൂടാതെ 8,68,05,761 രൂപയുടെ സാങ്കേതികവ അനുമതിയും നൽകി. 1696 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 7.198 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് . കിറ്റ്കോയ്ക്ക് ആയിരുന്നു നിർമ്മാണ ചുമതല.