കൊച്ചി – ദേശീയപാതയില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം നടക്കുന്ന വൈറ്റില മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള മേഖലയില്‍ ഗതാഗതം സുഗമമാക്കുന്നതിന് ശക്തമായ നടപടികളുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധനറാവു ജില്ലാ കളക്ടര്‍ എസ്. സുഹാസിനൊപ്പം ഈ മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പാലങ്ങളുടെയും റോഡിന്‍റെയും ചുമതലയുള്ള വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഗതാഗതം സുഗമമാക്കുന്ന രീതിയില്‍ റോഡുകളുടെ അറ്റകുറ്റപ്പണി മുന്നോട്ടു കൊണ്ടുപോകുമെന്ന് കളക്ടര്‍ പറഞ്ഞു.

റോഡിന്‍റെയും പാലങ്ങളുടെയും നിര്‍മാണം ജില്ലാ കളക്ടര്‍ ദിവസവും നേരിട്ട് വിലയിരുത്തും. കുണ്ടന്നൂര്‍ ഭാഗത്തെ താല്‍ക്കാലിക യു ടേണിലൂടെ ഭാരവാഹനങ്ങള്‍ തിരിയുന്നത് നിരോധിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഗതാഗത മാനേജ്മെന്‍റിന്‍റെ ചുമതലയുള്ള പൊലീസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
സര്‍വീസ് റോഡുകള്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ടൈല്‍ വിരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും ക്രൗണ്‍ പ്ലാസ ഹോട്ടലിന്‍റെ ഭാഗത്തേക്കുള്ള സര്‍വീസ് റോഡുകള്‍ വീതികൂട്ടി വാഹനഗതാഗതം സുഗമമാക്കും.
റോഡിലെ കുഴികള്‍ നികത്തുകയും ആവശ്യമായ ഘട്ടങ്ങളിലെല്ലാം ഇത് തുടരുകയും ചെയ്യും. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് പെഡസ്ട്രിയന്‍ ക്രോസിംഗ് ഏര്‍പ്പെടുത്തും. വാഹനങ്ങളുടെ രാത്രിയാത്ര സുഗമമാക്കുന്നതിനും ദിശ വ്യക്തമാക്കുന്നതിനുമായി ആവശ്യമായ സ്ഥലങ്ങളിലെല്ലാം റിഫ്ളക്ടറുകള്‍ സ്ഥാപിക്കും.
വലിയ കുഴികള്‍ വെറ്റ് മിക്സ് ഉപയോഗിച്ചോ ഫലപ്രദമായ മറ്റ് മാര്‍ഗങ്ങളിലൂടെയോ നികത്തും. റോഡ് നിര്‍മിക്കുന്ന കോണ്‍ട്രാക്ടറുടെ പേരും റോഡ് സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിനുള്ള ഹോട്ട്ലൈന്‍ നമ്പറുകളും റോഡിന്‍റെ ഇരുവശത്തും പ്രദര്‍ശിപ്പിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം റോഡിന്‍റെ തുടര്‍ച്ച നഷ്ടപ്പെട്ട ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും – കളക്ടര്‍ പറഞ്ഞു.
റോഡ് ഗതാഗതം സുഗമമാക്കാനുള്ള പ്രാഥമികമായ ചുമതല കരാറെടുത്തിട്ടുള്ള കമ്പനിക്കാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ദിനംതോറും ഇത് ഉറപ്പാക്കണം. ഉത്തരവാദിത്തത്തില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരകെ ദുരന്തനിവാരണ, റോഡ് സുരക്ഷാ നിയമങ്ങളിലെ വകുപ്പ് പ്രകാരം നടപടി എടുക്കും.
റോഡ് നിര്‍മാണം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് പൊലീസും ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് ആവശ്യമായ സഹായം നല്‍കും. ഗതാഗതക്രമീകരണം പൊലീസ് നിര്‍വഹിക്കും.