ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജില്ലാസമഗ്ര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ തദ്ദേശഭരണ സ്ഥാപന പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും ഉള്‍പ്പെടുത്തി യോഗം നടത്തി. സംയോജന ഏകോപന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് ജില്ലാപദ്ധതിയുടെ ലക്ഷ്യം. ജില്ലാപദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടര്‍ വര്‍ഷങ്ങളിലെ പ്രൊജക്ടുകള്‍ തയ്യാറാക്കുക.
ഓരോ തദ്ദേശസ്വയംഭരണസ്ഥാപനവും പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ ഏതൊക്കെ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടപ്പാക്കണമെന്നത് ജില്ലാ സമഗ്രപദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന രൂപരേഖയില്‍ പ്രതിഫലിക്കണമെന്ന് യോഗത്തില്‍ വിഷയാവതരണം നടത്തിയ ജില്ലാ ഫെസിലിറ്റേറ്റര്‍ സി.പി ജോണ്‍ പറഞ്ഞു. അതത് തദ്ദേശസ്ഥാപനങ്ങള്‍ സ്ഥാപന പരിധിയുടെ വിസ്തൃതി, ജനസംഖ്യ, വികസനപരമായ അവസ്ഥാവിശകലനം, പ്രശ്നങ്ങള്‍, പ്രശ്നപരിഹാരം തുടങ്ങി സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുളള റിപ്പോര്‍ട്ട് ജനുവരി 12-നകം ജില്ലാ പ്ലാനിങ് ഓഫീസില്‍് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട 22 ഉപസമിതികളുടെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും പങ്കെടുത്തു. ഇതിനു പുറമെ ജനുവരി 12ന് രാവിലെ 9.30 ന് ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ ജില്ലയിലെ പത്രപ്രവര്‍ത്തക പ്രതിനിധികളെയും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി ജില്ലാസമഗ്ര പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമാഹരിക്കും. ജനുവരി 16 ന് രാവിലെ 10 ന് വികസന സെമിനാര്‍ സംഘടിപ്പിക്കും. 19 ന് വൈകീട്ട് മൂന്നിന് ജില്ലാപദ്ധതി അംഗീകരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി ചേരും.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ.എം.സുരേഷ്‌കുമാര്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി പ്രൊഫ. സി.സോമശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
