പാലക്കാട്: ജില്ലാതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ തലത്തിൽ ഓണാഘോഷ പരിപാടികൾ നടത്തുന്നതിനായി ആറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി കെ.ജി.അജേഷ് അറിയിച്ചു. സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 10 മുതൽ 16 വരെയാണ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ജില്ലയിൽ സംസ്ഥാന ടൂറിസം വകുപ്പ്, ഡി.ടി.പി.സി, സാംസ്ക്കാരിക വകുപ്പ്, കേരള സർക്കാർ സാംസ്ക്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ എന്നിവയുടെ നേതൃത്വത്തിൽ സെപ്തംബർ 10 മുതൽ 14 വരെ അഞ്ച് ദിവസങ്ങളിലായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. 11, 12, 13 തിയ്യതികളിൽ ഭാരത് ഭവന്റെ നേതൃത്വത്തിൽ ഇന്ത്യൻ ജനകീയ സാംസ്ക്കാരികോത്സവവും 10, 14 ദിവസങ്ങളിൽ ഡി.ടി.പി.സി യുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. രാപ്പാടി ഓഡിറ്റോറിയം, മലമ്പുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് കലാപരിപാടികൾ അരങ്ങേറുക. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി, പ്രോഗ്രാം സമിതി, ധനകാര്യ – സ്പോൺസർഷിപ്പ് സമിതി, പ്രചാരണ സമിതി, സുരക്ഷാ സമിതി, വോളണ്ടിയർ സമിതി എന്നിവ രൂപീകരിച്ചു. പി. ഉണ്ണി എം എൽ എ, മന്ത്രി എ.കെ.ബാലന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി.ജെയിൻ, ഡി.ടി.പി.സി. എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ ടി.ആർ. അജയൻ, ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ഷാജു ശങ്കർ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ , കുഞ്ചൻ നമ്പ്യാർ സ്മാരകം സെക്രട്ടറി എ.കെ.ചന്ദ്രൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.