കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക്  ലാപ്‌ടോപും സ്വര്‍ണ്ണപതക്കവും വിതരണം ചെയ്തു

പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കൂടി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 30ാം വാര്‍ഷികത്തിന്റെ ഭാഗമായി അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് പാരിതോഷികം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ സെക്കന്ററി സ്‌കൂള്‍ തലം വരെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുന്നത്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കും. കേരളത്തിലെ ഉന്നത കലാലയങ്ങള്‍ മികവിന്റെ കാര്യത്തില്‍ മുന്നിലായിരുന്നുവെങ്കിലും ഇടക്കാലത്ത് ഒരു സ്തംഭനാവസ്ഥയുണ്ടായിട്ടുണ്ട്. അത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മികച്ച യൂനിവേഴ്‌സിറ്റികളും കോളേജുകളും നമുക്ക് വേണം. അതിനായി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളില്‍ മൂന്നു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പുതുതായി ചേര്‍ന്നത് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുണ്ടായ നല്ല മാറ്റം പൊതുസമൂഹം അംഗീകരിച്ചുവെന്നതിന് തെളിവാണ്.

പശ്ചാത്തല സൗകര്യത്തിലും അക്കാദമിക മികവിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ പൊതുവിദ്യാലയങ്ങളെ ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രൈമറി ക്ലാസുകളില്‍ പോലും നല്ല സാങ്കേതിക മാറ്റം കൈവന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൈത്തറി തൊഴിലാളികളുടെ മക്കളില്‍ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 6 പേര്‍ക്ക് ലാപ്‌ടോപ്പും എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയ 23 കുട്ടികള്‍ക്ക് സ്വര്‍ണപ്പതക്കവുമാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്.

ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അധ്യക്ഷനായി. വിവിധ ആനുകൂല്യങ്ങളുടെ വിതരണം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ എന്‍ ബേബി കാസ്‌ട്രോ, കെ മനോഹരന്‍ (സിഐടിയു), കെ സുരേന്ദ്രന്‍ (ഐ എന്‍ ടി യു സി), കെ ടി ജോസ് (എ ഐ ടി യു സി), സ്വാഗത സംഘം കണ്‍വീനര്‍ കെ വി സന്തോഷ് കുമാര്‍, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആന്തൂര്‍ മുനിസിപ്പാലിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവന സഗരസഭാ അധ്യക്ഷ പി കെ ശ്യാമള ടീച്ചര്‍ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറി.