സഹകരണ ഓണംവിപണി ഉദ്ഘാടനം ചെയ്തു  

വിലക്കയറ്റം തടയാന്‍ കുറേക്കൂടി ശക്തമായി വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ സഹാന ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അവശ്യ സാധനങ്ങളില്‍ ഉള്‍പ്പെട്ട ചില ഇനങ്ങള്‍ക്ക് വിലക്കയറ്റം ബാധിക്കാതെ ജനങ്ങള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ ക്രമാതീതമായ വിലക്കയറ്റം ഉണ്ടാകുന്നത് തടയുന്നതിന് ഫലപ്രദമായ ഇടപെടലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും മുഖേന നടക്കുന്നത്. വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം ഇത്തരം ഇടപെടലുകളുടെ ഭാഗമായി വരുന്ന ബാധ്യത ഫലപ്രദമായി നിര്‍വഹിക്കാനും സര്‍ക്കാരിന് കഴിയുന്നു.

സംസ്ഥാനം സാമ്പത്തികമായി നേരിടുന്ന പ്രയാസങ്ങള്‍ക്കിടക്കാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത്. വിപണിയിലുള്ള ഇടപെടലുകള്‍ കുറേക്കൂടി ശക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണക്കിറ്റുകളുടെ വിതരണവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.

സഹകരണ സംഘങ്ങള്‍ വഴി 3500 ഓണചന്തകളാണ് സംസ്ഥാനത്ത് ഇത്തവണ ആരംഭിക്കുന്നത്. സപ്തംബര്‍ 10 വരെ എട്ട് ദിവസങ്ങളിലായാണ് ഓണം വിപണി. 200 കോടിയുടെ സബ്ബ്‌സിഡി ഉല്‍പന്നങ്ങളടക്കം 300 കോടി രൂപയുടെ സാധനങ്ങളാണ് ഓണവിപണി ലക്ഷ്യമിട്ട് ഇത്തവണ സപ്ലൈകോ ഒരുക്കിയത്.

സബ്‌സിഡി സാധനങ്ങള്‍ക്ക് പുറത്ത് 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ പായസക്കിറ്റ് ഉള്‍പ്പെടെ 48 ഇനങ്ങള്‍ ലഭ്യമാകും. 1052 രൂപയുടെ സാധനങ്ങള്‍ 646 രൂപയ്ക്കാണ് സപ്ലൈകോ കിറ്റായി നല്‍കുന്നത്. 30 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിന്റെയും ചൊവ്വ കോ – ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, എംഡി ആര്‍ സുകേശന്‍, ഡയറക്ടര്‍ കെ മോഹനന്‍, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ എം ബിനോയ് കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു, മുന്‍ മന്ത്രി കെ പി മോഹനന്‍, ചൊവ്വ കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡണ്ട് ഒ പി രവീന്ദ്രന്‍, എന്‍ ചന്ദ്രന്‍, കെ കെ വിനോദ് കുമാര്‍, കെ കെ ജയപ്രകാശ്, പി പി ദിവാകരന്‍, മുഹമ്മദ് പനക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.